ശ്രീനഗർ: ബാഗിൽ ഒളിപ്പിച്ച ഗ്രനേഡുകളുമായി ശ്രീനഗർ വിമാനത്താവളത്തിലെത്തിയ സൈനികൻ അറസ്റ്റിൽ. ജമ്മുകശ്മീർ 17 ജെ.എ.കെ റൈഫിൾ ബറ്റാലിയൻ അംഗം ഗോപാൽ മുഖിയയാണ് അറസ്റ്റിലായത്. കശ്മീരിലെ ഉറി സെക്ടറിൽ അതിർത്തി നിയന്ത്രണ രേഖയിൽ ജോലി ചെയ്യുന്ന ജവാനാണ് ഗോപാൽ മുഖിയ. സൈനികർ പരിശീലനത്തിനുപയോഗിക്കുന്ന ഗ്രനേഡ് 90 യാണ് പിടികൂടിയത്. ഡാർജലിങ് സ്വദേശിയാണ് ഗോപാൽ മുഖിയ. പിടികൂടിയ ഗ്രനേഡുകൾ എവിടെ നിന്നുള്ളതാണെന്ന് പരിശോധിച്ചു വരികയാണ്. ശ്രീനഗർ വിമാനത്താവളത്തിൽ അതീവ ജാഗ്രതയും നിരവധി ചെക്ക് പോസ്റ്റുകളുമുണ്ട്. എന്നാൽ സൈനികരെ കൂടുതൽ പരിശോധനക്ക് വിധേയമാക്കാറില്ല. ശ്രീനഗറിൽ നിന്നും ഡൽഹിയിലേക്കാണ് ഗോപാൽ ടിക്കറ്റ് എടുത്തിരുന്നത്. ബാഗ് പരിശോധനയിൽ രണ്ട് ഗ്രനേഡുകൾ കസ്റ്റംസ് പിടിച്ചെടുക്കുകയായിരുന്നു. തന്‍റെ ഓഫീസർ കൈവശം തന്നയച്ചതാണെന്നും മീൻ പിടിക്കുന്നതിന് വേണ്ടിയാണെന്നും ജവാൻ പൊലീസിനെ അറിയിച്ചു. എന്നാൽ മറുപടി വിശ്വസനീയമല്ലെന്നും സംഭവം അന്വേഷിച്ചു വരികയാണെന്നും പൊലീസ് വ്യക്തമാക്കി.