ന്യൂഡല്‍ഹി: രണ്ടില ചിഹ്നത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കാന്‍ ശ്രമിച്ച കേസില്‍ എഐ.എ.ഡി.എം.കെ അമ്മ വിഭാഗം ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയും ശശികലയുടെ മരുമകനുമായ ടി.ടി.വി. ദിനകരനെ ഡല്‍ഹി പൊലീസ് ചൊവ്വാഴ്ച രാത്രി അറസ്റ്റ് ചെയ്തു. നാലു ദിവസമായി പോലീസ് ദിനകരനെ ചോദ്യം ചെയ്ത് വരികയായിരുന്നു. ചൊവ്വാഴ്ച രാത്രി വൈകിയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ദിനകരന്‍ പോലീസിനോട് കുറ്റം സമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ദിനകരനെതിരെ വിശ്വസനീയമായ തെളിവുകള്‍ ലഭിച്ചതായും ഡല്‍ഹി പോലീസ് വൃത്തങ്ങള്‍ പറയുന്നു.
ദിനകരെന്റ കൂട്ടാളി മല്ലികാര്‍ജുനയും അറസ്റ്റിലായിട്ടുണ്ട്. രണ്ടു ദിവസം ചോദ്യം ചെയ്തശേഷമാണ് മല്ലികാര്‍ജുനയെ അറസ്റ്റ് ചെയ്തത്. ഇടനിലക്കാരന്‍ സുകേഷ് ചന്ദ്രശേഖര്‍ അറസ്റ്റിലായശേഷം എല്ലായ്‌പോഴും ദിനകരനെ അനുഗമിച്ചിരുന്നയാളാണ് മല്ലികാര്‍ജുനയെന്നും പൊലീസ് പറഞ്ഞു.