ന്യൂഡല്‍ഹി: ഇന്ത്യയിലെ സ്വര്‍ണ്ണക്കടത്ത് ശൃംഖലയുടെ തലവനെ റവന്യൂ ഇന്റലിജന്‍സിന്റെ ഡല്‍ഹി യൂണിറ്റ് അറസ്റ്റ് ചെയ്തു.ഡല്‍ഹിയിലെ ഹര്‍നേക് സിംഗിനെയാണ് റവന്യു ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തത്. 600 കോടി വിലമതിക്കുന്ന 2,000 കി.ഗ്രാം സ്വര്‍ണമെങ്കിലും ഇയാള്‍ ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് കടത്തിയിട്ടുണ്ടെന്നാണ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടെ നിഗമനം. ഇയാളില്‍ നിന്ന് ഇന്റലിജന്‍സ് സംഘത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ദുബായില്‍ നിന്ന് കൊറിയറായി ഗുജറാത്തിലെ മുണ്ട്ര തുറമുഖത്തെത്തിയ 52 കിലോ സ്വര്‍ണ്ണം പിടിച്ചെടുത്തിട്ടുണ്ട്. ഇതിന് ഏതാണ്ട് 15 കോടി വിലമതിക്കും.രണ്ട് വര്‍ഷത്തിനിടെ 300 കൊടിയുടെ സ്വര്‍ണ്ണ കട്ടികളാണ് ഇയാള്‍ ദുബായില്‍ നിന്ന് കടല്‍മാര്‍ഗ്ഗം വഴി ഇന്ത്യയിലെത്തിച്ചത്. മെയ് 13-ന് മുണ്ട്ര തുറമുഖത്ത് നിന്ന് കണ്ടെയ്‌നറില്‍ ഡല്‍ഹിയിലേക്ക് കൊണ്ടു വരികയായിരുന്ന 44 കിലോ സ്വര്‍ണ്ണം ഡിആര്‍ഐ പിടിച്ചെടുത്തിരുന്നു. ഹര്‍നേക് സിംഗിന്റെ ഡല്‍ഹിയിലെ ഫാക്ടറിയിലേക്കായിരുന്നു ഈ സ്വര്‍ണം കൊണ്ടു പോയത് .സ്വര്‍ണ്ണം പിടിച്ചെടുത്ത ഡിആര്‍ഐ ഹര്‍നേക് സിംഗിന്റെ ഫാക്ടറി വിലാസത്തിലേക്ക് വരുന്ന എല്ലാ കൊറിയറുകളും പിടിച്ചെടുക്കണമെന്ന് രാജ്യത്തെ ഏല്ലാ തുറമുഖങ്ങള്‍ക്കും നിര്‍ദേശം നല്‍കി.ഗാന്ധിധാമില്‍ നിന്ന് 52 കിലോ സ്വര്‍ണം കൂടി പിടിച്ചെടുത്തു.മുട്ടകള്‍ കൊണ്ടു വരുന്ന പൗള്‍ട്രി ഇന്‍ക്യൂബേറ്ററില്‍ ഒളിപ്പിച്ചായാരുന്നു സ്വര്‍ണ്ണം കടത്തി കൊണ്ടിരുന്നത്. വളരെ വര്‍ഷങ്ങളായി ഇയാള്‍ സ്വര്‍ണ്ണകടത്ത് നടത്തുന്നുണ്ടെന്നും എന്നാല്‍ വിമാനങ്ങളെ ആശ്രയിക്കാതെ പൂര്‍ണമായും കടല്‍മാര്‍ഗ്ഗമായിരുന്നു സ്വര്‍ണ്ണകടത്ത് എന്നതിനാലാണ് ഇക്കാര്യം പുറത്തറിയാതെ പോയതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.ഇപ്പോള്‍ കസ്റ്റഡിയിലുള്ള പ്രതിക്കെതിരെ കോഫോപോസോ നിയമപ്രകാരം കേസെടുക്കുമെന്ന് ഡിആര്‍ഐ അറിയിച്ചിട്ടുണ്ട്. ഇതോടൊപ്പം ഇതുവരെ ഇന്ത്യയിലേക്ക് കടത്തിയ 2,000 കിലോ സ്വര്‍ണ്ണത്തിന്റെ നികുതിയും ഇയാളില്‍ നിന്ന് ഈടാക്കാനാണ് ഡിആര്‍ഐയുടെ തീരുമാനം. ഹര്‍നേക് സിംഗിന്റെ വീട്ടിലും ഫാക്ടറിയിലുമായി നടത്തിയ പരിശോധനയില്‍ ഹവാല ഇടപാടുകള്‍ സംബന്ധിച്ച പല തെളിവുകളും പിടിച്ചെടുത്തിട്ടുണ്ടെന്നും ഹര്‍നേക് സിംഗും സഹോദരനും തമ്മിലുള്ള വാട്‌സാപ്പ് സന്ദേശങ്ങള്‍ കേസില്‍ നിര്‍ണായക തെളിവാക്കുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. പോര്‍ഷേ,മിനി കൂപ്പര്‍, ബിഎംഡെബ്യൂ തുടങ്ങി 11-ഓളം ആഡംബരകാറുകളുടെ ഉടമസ്ഥനാണ് ഹര്‍നേക് സിംഗ്. ഇവയെല്ലാം ഇപ്പോള്‍ റവന്യൂ ഇന്റലിജന്‍സിന്റെ കസ്റ്റഡിയിലാണ്.