ഒന്‍പത് വയസുള്ള കുട്ടിയെ പൊള്ളലേല്‍പ്പിച്ച അമ്മ കസ്റ്റഡിയില്‍

216

തൊടുപുഴ: ഒന്‍പത് വയസുള്ള കുട്ടിയെ പൊള്ളലേല്‍പ്പിച്ച അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. അനുവാദമില്ലാതെ പിതാവിന്റെ ഷർട്ടിന്റെ പോക്കറ്റിൽ നിന്നു 10 രൂപയെടുത്ത് പഫ്സ് വാങ്ങിക്കഴിച്ചതിനാണ് അമ്മ ശരീരമാസകലം പൊള്ളലേൽപ്പിച്ചത്. ബുധനാഴ്ച രാവിലെ ഏഴോടെയായിരുന്നു സംഭവം. ഷാൾകൊണ്ടു ഇരു കൈകളും കൂട്ടിക്കെട്ടിയ ശേഷം അടുപ്പിൽ കത്തിക്കൊണ്ടിരുന്ന തീക്കൊള്ളി കൊണ്ടു കുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.
കുട്ടിയുടെ കൈകളിലും മുഖത്തും വയറിലും കൈകളിലും മുതുകിലും പൊള്ളലേറ്റു. ഒമ്പതു വയസുകാരനും ആറു വയസുള്ള സഹോദരനും ചേർന്ന് പഫ്സ് തിന്നുന്നതു കണ്ട അമ്മ ഇതു വാങ്ങാൻ എവിടെ നിന്നാണ് പണം കിട്ടയതെന്നു ചോദിച്ച് മർദിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഇരുകുട്ടികളുടെയും സംരക്ഷണം ജില്ലാ ചൈൽഡ് പ്രൊട്ടക്‌ഷൻ യൂണിറ്റ് ഏറ്റെടുത്ത് തൊടുപുഴയിലെ അനാഥാലയത്തിലേക്കു മാറ്റി. അന്വേഷണം നടക്കുന്നതിനിടെ കുട്ടിയുടെ അമ്മ തൊടുപുഴ പൊലീസ് സ്റ്റേഷനിൽ ഹാജരായി. മോഷണം ആവർത്തിക്കാതിരിക്കാനാണ് പൊള്ളലേൽപ്പിച്ചതെന്നും, എന്തു ശിക്ഷ നൽകിയാലും സ്വീകരിക്കാമെന്നും പൊലീസിനോടു പറഞ്ഞു. കുട്ടിയെ പൊള്ളലേൽപ്പിച്ചതിന് ജുവനൈൽ ജസ്റ്റിസ് നിയമ പ്രകാരം മാതാവിനെതിരെ കേസെടുത്തതായി എസ്ഐ: ജോബിൻ ആന്റണി പറഞ്ഞു.

NO COMMENTS