ജസ്റ്റിസ് കര്‍ണന്‍ കോയമ്പത്തൂരില്‍ അറസ്റ്റില്‍

201

കോയമ്പത്തൂര്‍: ജസ്റ്റിസ് കര്‍ണന്‍ കോയമ്പത്തൂരില്‍ അറസ്റ്റിലായി.
കോയമ്ബത്തൂരില്‍ വച്ച്‌ കൊല്‍ക്കത്ത പൊലീസാണ് അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പീറ്റര്‍ രമേശ് ഇക്കാര്യം സ്ഥിരീകരിച്ചു. അറസ്റ്റ് ചെയ്യാന്‍ സുപ്രീം കോടതി ഉത്തരവിട്ടതിനെ തുടര്‍ന്ന് മേയ് ഒമ്പതുമുതല്‍ കര്‍ണന്‍ ഒളിവിലായിരുന്നു. കോടതിയലക്ഷ്യത്തിനു സുപ്രീം കോടതി ജസ്റ്റീസ് സി.എസ്. കര്‍ണന് ആറു മാസം തടവ് ശിക്ഷ വിധിച്ചിരുന്നു. ഇന്ത്യയില്‍ ആദ്യമായാണ് ഒരു ഹൈക്കോടതി ജഡ്ജിക്കെതിരേ സുപ്രീം കോടതി തടവു ശിക്ഷ വിധിക്കുന്നത്. ചീഫ് ജസ്റ്റീസ് ജെ.എസ്. ഖേഹാര്‍ അധ്യക്ഷനായ ബെഞ്ചാണ് കര്‍ണനെതിരായ കോടതിയലക്ഷ്യ കേസ് പരിഗണിച്ചത്. നേരത്തെ, ചീഫ് ജസ്റ്റീസ് ജെ.എസ്. ഖേഹറിനെയും സുപ്രീംകോടതിയിലെ ഏഴു ജഡ്ജിമാരെയും അഞ്ചു വര്‍ഷത്തെ കഠിന തടവിനു ജസ്റ്റീസ് കര്‍ണന്‍ ശിക്ഷിച്ചിരുന്നു. കോടതിയലക്ഷ്യ നടപടികളുടെ ഭാഗമായി ഫെബ്രുവരി എട്ടുമുതല്‍ ജസ്റ്റീസ് കര്‍ണനെ നിയമനിര്‍വഹണ- ഭരണ ചുമതലകളില്‍നിന്നു ചീഫ് ജസ്റ്റീസ് മാറ്റിനിര്‍ത്തിയിരിന്നു. കഴിഞ്ഞ മാസം അവസാനം കര്‍ണന്‍ സര്‍വീസില്‍നിന്നു വിരമിക്കുകയും ചെയ്തു. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റീസിനും വിരമിച്ച ജഡ്ജിമാര്‍ക്കുമെതിരേ അഴിമതി ആരോപിച്ചു ചീഫ് ജസ്റ്റീസ്, പ്രധാനമന്ത്രി, പ്രതിപക്ഷനേതാവ് എന്നിവര്‍ക്ക് കത്തയച്ചതാണു ജസ്റ്റീസ് കര്‍ണനെതിരേ കോടതിയലക്ഷ്യ നടപടികള്‍ തുടങ്ങാന്‍ കാരണം.

NO COMMENTS