ന്യൂഡല്‍ഹി: തീവ്രവാദത്തിന് പണം കണ്ടെത്തുന്നതിനായി കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ കശ്മീരി വിഘടനവാദി നേതാവ് ഷാബിര്‍ അഹമ്മദ് ഷായെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടുകൂടി ശ്രീനഗറിലെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
അന്വേഷണവുമായി ബന്ധപ്പെട്ട് ഹുറിയത്ത് നേതാവ് സയ്യിദ് അലി ഷാ ഗീലാനിയുടെ മരുമകന്‍ അല്‍താഫ് അഹമ്മദ് ഷാ അടക്കം ഏഴു വിഘടനവാദി നേതാക്കളെ എന്‍.ഐ.എ അറസ്റ്റ് ചെയ്തതിന് തൊട്ട് പിറകെയാണ് ഷാബിര്‍ അഹമ്മദ് ഷായുടെ അറസ്റ്റ്. നിരവധി തവണ സമന്‍സ് അയച്ചിട്ടും മറുപടി നല്‍കാന്‍ ഷാ തയ്യാറായിരുന്നില്ല. തുടര്‍ന്ന് ഡല്‍ഹി കോടതി ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിക്കുകയായിരുന്നു. എന്നാല്‍ രാഷ്ട്രീയ പ്രേരിതമായ കേസാണിതെന്ന്‍ ഷാബിര്‍ അഹമ്മദ് ഷാ പ്രതികരിച്ചു. ഷാബിര്‍ അഹമ്മദിനെ ഇന്ന് ഡല്‍ഹി കോടതിയില്‍ ഹാജരാക്കും. 2.25കോടി രൂപ ഹവാല പണമിടപാടു വഴി ഷാബിര്‍ അഹമ്മദ് ഷാക്ക് കൈമാറിയെന്ന് ആരോപിച്ച് മുഹമ്മദ് അസ്ലം വാനിയെ അറസ്റ്റു ചെയ്തപ്പോള്‍ തന്നെയാണ് ഷാബിറിനെതിരെയും കേസ് എടുത്തത്.