രാഹുല്‍ ഗാന്ധിക്കെതിരായ ആക്രമണം : ബിജെപി നേതാവ് അറസ്റ്റില്‍

235

അഹമ്മദാബാദ്: ഗുജറാത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാഹനത്തിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് അറസ്റ്റില്‍. ബിജെപി യൂത്ത് വിംഗ് നേതാവ് ജയേഷ് ദര്‍ജിയാണ് അറസ്റ്റിലായത്. പലാന്‍പൂര്‍ ബിജെപി യൂത്ത് വിംഗ് ജനറല്‍ സെക്രട്ടറിയാണ് ഇയാള്‍. ഇന്നലെ ഗുജറാത്തിലെ ബനസ്കന്ത ജില്ലയില്‍ വെള്ളപ്പൊക്കക്കെടുതിയുണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് രാഹുലിന്റെ വാഹനത്തിന് നേരെ കല്ലേറുണ്ടായത്. സംഭവത്തില്‍, വാഹനത്തിന്റെ ഗ്ലാസുകള്‍ തകരുകയും രാഹുലിന്റെ സ്റ്റാഫിലുള്‍പ്പെട്ടയാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രളയക്കെടുതിയില്‍ അകപ്പെട്ട വടക്കന്‍ ഗുജറാത്തില്‍ ത്രിദിന പര്യടനത്തിനാണ് രാഹുല്‍ എത്തിയത്. ബനസ്കന്ത ജില്ലയിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി പഠാന്‍ ജില്ലയിലേക്ക് പോകാനായി ഹെലിപാഡിലേക്ക് തിരിക്കുമ്ബോഴാണ് കാറിന് നേരെ ആക്രമണമുണ്ടായത്. നേരത്തേ, ധനേരയിലെ ലാല്‍ചൗക്ക് മേഖലയില്‍ രാഹുല്‍ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെ ചിലര്‍ കരിങ്കൊടി വീശിയിരുന്നു. അതേസമയം,ആക്രമണത്തില്‍ പ്രതിഷേധിക്കുന്ന പ്രവര്‍ത്തകരോട് വെള്ളപ്പൊക്ക ദുരന്തത്തിന്റെ കെടുതിയനുഭവിക്കുന്നവര്‍ക്ക് സഹായം ഉറപ്പാക്കുകയാണ് വേണ്ടതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം മനസ്സിലാക്കുന്നു. എന്നാല്‍ ഈ സമയം തനിക്കു നേരെ ഉണ്ടായ ആക്രമണത്തിന്‍ പ്രതിഷേധിക്കുകയല്ല, പ്രളയബാധിത പ്രദേശത്തുള്ളവരെ സഹായിക്കുകയാണ് നാം വേണ്ടത്- രാഹുല്‍ ട്വീറ്റ് ചെയ്തു.

NO COMMENTS