കണ്ണൂര്‍• ചെറുപുഴ ചുണ്ടയിലെ വീട്ടില്‍ തനിച്ചായിരുന്ന വൃദ്ധയെ അക്രമിച്ച് നാലര പവനുള്ള സ്വര്‍ണ്ണമാല കവര്‍ന്ന കേസില്‍ രണ്ടുപേരെ ചെറുപുഴ എസ്‌ഐ കെ.വി.സ്മിതേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തു. ചുണ്ടയില്‍ താമസിക്കുന്ന ആലപ്പുഴ സ്വദേശി അമ്ബി എന്ന തൈപ്പറമ്ബില്‍ മനോജ്(43), ചെറുപുഴയിലെ ബൈക്ക് ഷോറൂം ജീവനക്കാരന്‍ കമ്ബല്ലൂര്‍ സ്വദേശി പുതുപ്പറമ്ബില്‍ ജെയിസന്‍ തോമസ്(20) എന്നിവരെയാണു ബുധനാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്.കേസന്വേഷണത്തിനു നേതൃത്വം നല്‍കിയ പയ്യന്നൂര്‍ സിഐ ആസാദിന്റെ നിര്‍ദേശപ്രകാരം ചെറുപുഴ എസ്‌ഐ കെ.വി.സ്മിതേഷ്, എഎസ്‌ഐ വി.ഡി.രാധാകൃഷ്ണന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഇ.മനോജ് കുമാര്‍, അബ്ദുല്‍ റൗഫ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ കേന്ദ്രീകരിച്ച് സൈബര്‍ സെല്‍ നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തിലാണു പ്രതികളെ പിടികൂടിയത്.2016 ജൂലൈ 20നാണ് കേസിനാസ്പദമായ സംഭവം. ചുണ്ട വിളക്കുവട്ടം റോഡിലെ പാലങ്ങാടന്‍ മാണിയമ്മ(80) എന്ന വയോധികയെ സന്ധ്യയ്ക്കു വിളക്കു വയ്ക്കാന്‍ വീടിനു പുറത്തിറങ്ങിയ സമയം വായില്‍ തുണി തിരുകി കൈകള്‍ കെട്ടിയിട്ടു മാല കവരുകയായിരുന്നു. ഇവരുടെ വീടിനടുത്തു താമസിച്ചിരുന്ന മനോജാണു കവര്‍ച്ച ആസൂത്രണം ചെയ്തത്. ആളെ തിരിച്ചറിയാതിരിക്കാന്‍ ജെയിസനെ കവര്‍ച്ച നടത്താന്‍ ചുമതലപ്പെടുത്തുകയായിരുന്നു. കവര്‍ച്ച മുതല്‍ ആലപ്പുഴയിലെ ജ്വല്ലറിയില്‍ വിറ്റതായി പ്രതികള്‍ പൊലീസിനോടു പറഞ്ഞു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.