ചാലക്കുടി: റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവ് കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി ജോണി (ചക്കര ജോണി) പിടിയിലായി. ഇയാള്‍ക്കൊപ്പം കൂട്ടാളി രഞ്ജിത്തും പിടിയിലായിട്ടുണ്ട്. പാലക്കാട്ടുനിന്ന് ഞായറാഴ്ച രാത്രി പിടിയിലായ ഇരുവരെയും ചാലക്കുടി ഡിവൈഎസ്പി ഓഫീസിലെത്തിച്ചു.
ജോണിക്ക് കോടികളുടെ സമ്ബാദ്യമുണ്ടെന്നും മൂന്നുരാജ്യങ്ങളിലെ വിസ ഉണ്ടെന്നും പോലീസിന് വിവരം ലഭിച്ചിരുന്നു. ഇയാള്‍ രാജ്യംവിടാനുള്ള സാധ്യത കണക്കിലെടുത്ത് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനും ഇന്റര്‍പോളിന്റെ സഹായം തേടാനുമുള്ള നീക്കങ്ങള്‍ പോലീസ് നടത്തിയിരുന്നു. എന്നാല്‍, ദിവസങ്ങള്‍ക്കകം ഇയാളെ പിടികൂടാന്‍ കഴിഞ്ഞത് അന്വേഷണ സംഘത്തിന്റെ നേട്ടമാണ്. കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കകം സംഭവവുമായി ബന്ധമുള്ള നാലുപേര്‍ അറസ്റ്റിലായിരുന്നു. കൊലപാതകത്തിന് പിന്നില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടിലെ തര്‍ക്കങ്ങളാണെന്ന് പോലീസ് പറയുന്നു.
ചുരുങ്ങിയ കാലയളവിനിടെയാണ് ജോണിയുടെ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ വളര്‍ച്ച ഉണ്ടായത്. റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായ രാജീവിനെ ഒരു വാടകകെട്ടിടത്തിലാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഡി വൈ എസ് പി ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.