സ്വന്തം വീട്ടില്‍ നിന്ന് 21 പവന്‍റെ ആഭരണങ്ങള്‍ മോഷ്ടിച്ച്‌ വില്‍പന നടത്തിയ വിദ്യാര്‍ഥികള്‍ പൊലീസ് പിടിയില്‍

232

കണ്ണൂര്‍: സ്വന്തം വീട്ടില്‍ നിന്ന് 21 പവന്‍റെ ആഭരണങ്ങള്‍ മോഷ്ടിച്ച്‌ വില്‍പന നടത്തിയ വിദ്യാര്‍ഥികള്‍ പൊലീസ് പിടിയിലായി. ആഭരണങ്ങള്‍ വിറ്റ് ആഡംബരജീവിതം നയിച്ച രണ്ടു ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളും ഇതിനു സഹായിച്ച എഞ്ചിനീയറിങ് വിദ്യാര്‍ഥിയുമാണ് പൊലീസ് വലയിലായത്. വിദ്യാര്‍ഥികള്‍ വൈകി വീട്ടിലെത്തുന്നതും ആഡംബരവും ശ്രദ്ധയില്‍പ്പെട്ട വീട്ടുകാരാണ് ചക്കരക്കല്ല് സ്റ്റേഷനില്‍ വിവരമറിയിച്ചത്. തുടര്‍ന്നാണ് ഇരുവിദ്യാര്‍ഥികളെയും ആഭരണങ്ങള്‍ ജ്വല്ലറിയില്‍ വില്‍ക്കാന്‍ സഹായിച്ച എഞ്ചിനീയറിങ് വിദ്യാര്‍ഥിയെയും പൊലീസ് കണ്ടെത്തിയത്. എന്നാല്‍ പരാതി ഇല്ലാത്തതിനാല്‍ കേസെടുത്തിട്ടില്ല. ഒരു വിദ്യാര്‍ഥി വീട്ടില്‍നിന്ന് 21 പവന്റെ ആഭരണങ്ങളാണ് കവര്‍ന്നത്. മറ്റൊരാള്‍ ആറുപവനും. ഇതില്‍ ഒന്നാമന്റെ വീട്ടുകാരാണ് സംശയം തോന്നി പൊലീസില്‍ വിവരമറിയിച്ചത്. പൊലീസ് ആഭരണങ്ങളുടെ വില ജ്വല്ലറിക്കാരില്‍ നിന്ന് ഈടാക്കി വീട്ടുകാര്‍ക്ക് നല്‍കി.
ഞായറാഴ്ചയും ആവശ്യപ്പെടുന്ന ദിവസങ്ങളിലും മൂവരും പോലീസ് സ്റ്റേഷനിലെത്തി ലൈബ്രറിയില്‍ നിന്ന് പുസ്തകം വായിക്കണമെന്നും അവിടെയുള്ള പച്ചക്കറിക്കൃഷിയില്‍ സഹായിക്കണമെന്നുമാണ് പൊലീസ് ഇവര്‍ക്ക് നല്‍കിയിരിക്കുന്ന ശിക്ഷ.

NO COMMENTS