തൃശൂര്‍ : മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് മൊബൈല്‍ ഫോണിലൂടെ ഭീഷണി സന്ദേശം അയച്ച രണ്ടു പേര്‍ പൊലീസ് പിടിയില്‍. പാലക്കാട് സ്വദേശികളാണ് പിടിയിലായത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.
ചാലക്കുടിയില്‍ കംപ്യൂട്ടര്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കുന്നംകുളം പൊലക്കാട്ട് വീട്ടില്‍ സജേഷ് കുമാറിന്റെ ഫോണിലേക്കാണ് ഇന്നലെ രാവിലെയാണ് ഭീഷണി സന്ദേശം എത്തിയത്. ‘മുഖ്യമന്ത്രി ഇന്ന് കൊല്ലപ്പെടും’ എന്നായിരുന്നു സന്ദേശം. സജേഷ്കുമാര്‍ ഉടനെ ഈസ്റ്റ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പാലക്കാട്, ഒറ്റപ്പാലം അമ്ബലപ്പാറ സ്വദേശിനി സൈനബയുടെപേരിലെടുത്ത സിം കാര്‍ഡില്‍ നിന്നാണ് സന്ദേശം വന്നതെന്ന് കണ്ടെത്തി. സൈനബയുമായി ബന്ധപ്പെട്ടപ്പോള്‍ തന്റെ ഫോണ്‍ ഏതാനും നാള്‍ മുമ്ബ് നഷ്ടപ്പെട്ടതായി അവര്‍ വെളിപ്പെടുത്തി. സൈനബയേയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്.