ആലപ്പുഴയില്‍ പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ എസ്.ഐ അറസ്റ്റില്‍

311

ആലപ്പുഴ : ആലപ്പുഴയില്‍ പതിനാറുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ എസ്.ഐ അറസ്റ്റില്‍. മാരാരിക്കുളം പ്രൊബേഷണല്‍ എസ്.ഐ ലൈജുവാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായ പൊലീസുകാരുടെ എണ്ണം രണ്ടായി.
പതിനാറുകാരിയായ പെണ്‍കുട്ടിയെ പലര്‍ക്കും കാഴ്ചവയ്ക്കാന്‍ ഇടനില നിന്ന ആതിരയെയും (24) കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. പതിനാറുകാരിയായ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച്‌ മാരാരിക്കുളത്തും എറണാകുളത്തുമുള്ള പഞ്ചനക്ഷത്ര ഹോട്ടലുകളിലെത്തിച്ച്‌ പലര്‍ക്കും കാഴ്ചവയ്ക്കുകയായിരുന്നു. കൂടുതല്‍ പൊലീസുകാര്‍ തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി വനിതാ എസ്.ഐ ശ്രീദേവിക്ക് മൊഴി നല്കിയിരുന്നു. ഇതോടെ ജില്ലാ പൊലീസ് മേധാവി എസ്.സുരേന്ദ്രന്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിടുകയും ചുമതല ഡിവൈ.എസ്.പി പി.വി ബേബിക്ക് കൈമാറുകയുമായിരുന്നു. കഴിഞ്ഞ പത്താം തീയതിയാണ് പീഡന വിവരം പുറത്തായത്. അടുത്തയിടെ പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോവാനെത്തിയ ആതിരയെ നഗരസഭാ കൗണ്‍സിലറും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞുവച്ച്‌ പൊലീസിനെ ഏല്പിക്കുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് പീഡന വിവരം പുറത്തായത്. സൂര്യനെല്ലി മോഡല്‍ പീഡനം നടന്നതായി സംശയിക്കുന്ന സംഭവത്തില്‍ പൊലീസുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ പതിനാറുകാരിയെ പീഡിപ്പിച്ചതായാണ് പുറത്തുവരുന്ന വിവരം.

NO COMMENTS