വനിതാ ജഡ്ജിദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഭര്‍ത്താവ് അറസ്റ്റില്‍

283

കാൺപൂര്‍: കാണ്‍പൂരില്‍ വനിതാ ജഡ്ജി പ്രതിഭാ ഗൗതം ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മർദ്ദനമാണ് മരണകാരണം എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിനെത്തുടർന്നാണ് പ്രതിഭാ ഗൗതമിന്റെ ഭർത്താവ് മനു അഭിഷേകിനെ പൊലീസ് അറസ്റ്റ് ചെയ്തത്.ഇന്നലെ പുലർച്ചെയായിരുന്നു കാൺപൂർ റൂറൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് പ്രതിഭാ ഗൗതമിനെ ഔദ്യോഗിക വസതിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുകൈകളിലേയും ഞരമ്പുകൾ മുറിച്ച നിലയിലായിരുന്നു. ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലായിരുന്നു പൊലീസെങ്കിലും മരണത്തിൽ ദുരൂഹതയുണ്ടെന്നും ഭർത്താവ് മനു അഭിഷേകിനെ സംശയമുണ്ടെന്നുമുള്ള പ്രതിഭയുടെ മാതാപിതാക്കളുടെ പരാതിയിൽ അന്വേഷണം നടന്നു വരികയായിരുന്നു.പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ മരണത്തിന് മുമ്പെ പ്രതിഭ ശാരീരികമായി പീഡിപ്പിക്കപ്പെട്ടിരുന്നെന്നും,ശ്വാസ തടസ്സം നേരിട്ടിരുന്നെന്നും സൂചനയുണ്ട്. മരണപ്പെടുമ്പോൾ മൂന്ന് മാസം ഗർഭിണിയായിരുന്നെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നു. തുടർന്നാണ് പൊലീസ് പ്രതിഭയുടെ ഭർത്താവ് മനു അഭിഷേകിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. താൻ ദില്ലിയിൽ നിന്നും മടങ്ങിയെത്തിയപ്പോൾ പ്രതിഭ വീട്ടിൽ തൂങ്ങി നിൽക്കുന്നതാണ് കണ്ടതെന്നാണ് മനു പൊലീസിനോട് പറഞ്ഞത്. എന്നാൽ പൊലീസ് ഇത് പൂർണ്ണമായും വിശ്വസിച്ചിട്ടില്ല.
പ്രതിഭയുടേത് കൊലപാതകം തന്നെയാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ വെളിച്ചത്തിൽ പൊലീസ് വിശ്വസിക്കുന്നത്. പ്രതിഭയുടെ വീട്ടിലെ ജോലിക്കാരിയെ ചോദ്യം ചെയ്തതിൽ നിന്നും ഇരുവരും തമ്മിൽ ഗർഭം അലസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വഴക്കുണ്ടായിട്ടുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ദില്ലിയിലെ മനുവിന്റെ വീട്ടിൽ വച്ചും ഇവർ തമ്മിൽ വഴക്കുണ്ടായിട്ടുണ്ടെന്നും പൊലീസ് പറയുന്നു. എന്താണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന അന്വേഷണത്തിലാണ് ഇപ്പോൾ പൊലീസ്.

NO COMMENTS

LEAVE A REPLY