ബംഗളുരു: ദൈവത്തിന്റെ അവതാരമാണെന്ന് അവകാശപ്പെട്ട് സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്ത തട്ടിപ്പ് സംഘത്തെ കര്‍ണാടകത്തില്‍ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.ഇവരുടെ ലൈംഗിക ചൂഷണം ഒരു സ്ത്രീ നാട്ടുകാരെ അറിയിച്ചതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ ഇവരെ പിടികൂടിയത്. സ്ത്രീകളെ ലക്ഷ്യമിട്ടായിരുന്നു സംഘം പ്രവര്‍ത്തിച്ചിരുന്നതെന്നും നിരവധി പേരെ പിടിയിലായവര്‍ ചതിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.ബംഗളുരുവിലെ ഇന്ദിര നഗറിലാണ് സംഭവം.. ദൈവത്തിന്റെ അവതാരമാണെന്ന് പറഞ്ഞ് സംഘത്തെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു.. ഫേസ്ബുക്ക് വഴിയും മറ്റും സ്ത്രീകളെ ബന്ധപ്പെടുകയും അത്ഭുത സിദ്ധികളുണ്ടെന്ന് വിശ്വസിപ്പിക്കുകയും ചെയ്തായിരുന്നു സംഘത്തിന്റെ തട്ടിപ്പ്. തമിഴ്നാട് സ്വദേശികളായ അമിതാഭും രഘുറാമുമാണ് പിടിയിലായത്. ഇരുവരും എംബിഎ ബിരുദ ധാരികളാണ്. കുറച്ചു നാളുകള്‍ക്ക് മുമ്ബാണ് ഇവര്‍ മൈസൂരില്‍ നിന്ന് ബംഗളുരുവിലെത്തിയത്. വാടക വീടെടുത്ത് തട്ടിപ്പ് നഗരത്തിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. ഒരാള്‍ കൃഷ്ണനെന്നും മറ്റൊരാള്‍ ഈശ്വരനെന്നുമാണ് അവകാശപ്പെട്ടിരുന്നു. ഇരുവരും കിരീടം ധരിച്ചാണ് ആള്‍ക്കാരെ സമീപിച്ചിരുന്നത്. ലൈംഗീക ചൂഷണം തുടര്‍ക്കഥയായതോടെ മൈസൂരുള്ള ഒരു സ്ത്രീ ഇക്കാര്യം നാട്ടുകാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് നാട്ടുകാര്‍ സംഘത്തെ പിടികൂടി മര്‍ദ്ദിച്ചവശരാക്കിയത്.എന്നാല്‍, മാനഹാനി ഭയന്ന് സംഘത്തിനെതിരെ സ്ത്രീകളാരും ഇതുവരെ പരാതികളുമായി സമീപിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.