കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ അറസ്റ്റിൽ. എറണാകുളം അയ്യമ്പുഴ വില്ലേജ് ഓഫീസർ ആർ സുധീറാണ് രണ്ടായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്‍റെ പിടിയിലായത്.അങ്കമാലി അയ്യമ്പുഴ സ്വദേശിനി ആലീസിൽ നിന്നാണ് വില്ലേജ് ഓഫീസറായ സുധീർ കൈക്കൂലി വാങ്ങിയത്. ഭൂമി പോക്ക് വരവ് ചെയ്യുന്നതിനായി സുധീർ ആലീസിനോട് 5,000 രൂപ ആവശ്യപ്പെട്ടു. ആദ്യപടിയായി രണ്ടായിരം രൂപ അടുത്ത ദിവസം നൽകാമെന്ന് അറിയിച്ച് വീട്ടിലെത്തിയ ആലീസ് വിജിലൻസിൽ വിവരം അറിയിക്കുകയായിരുന്നു. പിറ്റേദിവസം വിജിലൻസ് നൽകിയ ഫിനോഫ്‍ലിൻ പുരട്ടിയ നോട്ടുകൾ പരാതിക്കാരി വില്ലേജ് ഓഫിസർക്ക് കൈമാറി. ഈ സമയം പുറത്ത് കാത്ത് നിന്ന വിജിലൻസ് ആൻഡ് ആന്‍റികറപ്ഷൻ സം ഘം സുധീറിനെ കയ്യോടെ പിടികൂടി. സുധീർ കണക്കിൽ പെടാതെ ബാഗിൽ സൂക്ഷിച്ചിരുന്ന 3000 രൂപയും വിജിലൻസ് സംഘം പിടിച്ചെടുത്തു. വില്ലേജ് ഓഫീസിൽ എത്തുന്നവരോട് സുധീർ കൈക്കൂലി ചോദിച്ച് വാങ്ങുന്നത് പതിവായിരുന്നെന്ന് നാട്ടുകാർ ആരോപിച്ചു. വിശദമായി ചോദ്യം ചെയ്യുന്നതിനായി സുധീറിനെ വിജിലൻസ് സംഘം കൊച്ചിയിലെ ആസ്ഥാനത്ത് എത്തിച്ചു. വിജിലൻസ് ഡിവൈഎസ്‍പി എം എൻ രമേശിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് സുധീറിനെ അറസ്റ്റ് ചെയ്തത്.