ന്യൂഡല്‍ഹി• ഭാര്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ദേശീയ കബഡി താരം രോഹിത് ചില്ലര്‍ അറസ്റ്റില്‍. മുംബൈയില്‍നിന്നാണ് രോഹിത്തിനെ അറസ്റ്റ് ചെയ്തത്. രോഹിതിന്റെ ഭാര്യ ലളിത (27)യെ കഴിഞ്ഞ ദിവസമാണ് ഡല്‍ഹിയിലെ നങ്‍ലോയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പും രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വിഡിയോയും പൊലീസ് കണ്ടെടുത്തിരുന്നു. വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ രോഹിത് നിര്‍ബന്ധിച്ചിരുന്നു. താന്‍ വിട്ടുപോയാല്‍ മാത്രമേ സന്തോഷം ലഭിക്കുവെന്ന് ഭര്‍ത്താവ് പറഞ്ഞു. അതിനാലാണ് ആത്മഹത്യ ചെയ്യാനുള്ള തീരുമാനം എടുത്തതെന്ന് ആത്മഹത്യാ കുറിപ്പിലുള്ളതായി മുതിര്‍ന്ന പൊലീസ് ഓഫിസര്‍ വിജയ് കുമാര്‍ പറഞ്ഞു. ഭര്‍തൃവീട്ടുകാര്‍ സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം പീഡിപ്പിച്ചിരുന്നതായും ആത്മഹത്യാ കുറിപ്പിലുണ്ട്. മാനസികമായും ശാരീരികമായും അനുഭവിക്കേണ്ടി വന്ന പീഡനങ്ങളെക്കുറിച്ചുള്ള ലളിതയുടെ വിശദീകരമാണ് വിഡിയോയിലുള്ളതെന്നും പൊലീസ് പറഞ്ഞു. പ്രോ കബഡി ലീഗിലെ ബെംഗളൂരു ബുള്‍സ് ടീമിലെ അംഗമാണ് രോഹിത്. നാവികസേന ഓഫിസര്‍ കൂടിയാണ്. കഴിഞ്ഞ മാര്‍ച്ചിലാണ് ലളിതയെ രോഹിത് വിവാഹം ചെയ്തത്. ലളിതയുടെ രണ്ടാം വിവാഹമായിരുന്നു.