ഇടുക്കി: നെടുങ്കണ്ടത്തിനു സമീപം പാറത്തോട്ടിൽ നിന്നും കള്ളത്തോക്കു നിർമ്മാണവും നായാട്ടും നടത്തുന്ന സംഘങ്ങളിലെ മൂന്നു പേരെ പൊലീസ് പിടികൂടി. പിടിയിലായവരിൽ അച്ഛനും മകനും ഉള്‍പ്പെടുന്നു. തമിഴ്നാട് സ്വദേശിയായ ഒരാൾ ഒടി രക്ഷപെട്ടു. ഇവരിൽ നിന്നും ഒരു കള്ളത്തോക്കും പിടികൂടി. നെടുങ്കണ്ടം പാറത്തോട് വട്ടോളിൽ മാത്യു വർഗീസ്, ചൂരക്കാട്ടിൽ പരമേശ്വരൻ, ഇയാളുടെ മകൻ ശശിയെന്നു വിളിക്കുന്ന ഗോപാലകൃഷ്ണൻ എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച രാത്രിയിൽ നെടുങ്കണ്ടം പൊലീസ് പാറത്തോട്ടിൽ വാഹന പരിശോധന നടത്തുകയായിരുന്നു. ഈ സമയം മാത്യു വർഗീസും ഇയാളുടെ തോട്ടത്തിലെ പണിക്കാരനായ തമിഴ്നാട് സ്വദേശി കണ്ണനും ബൈക്കിലെത്തി. ഇവരുടെ കയ്യിൽ ചാക്കിൽ പൊതിഞ്ഞ് നാടൻ തോക്കുണ്ടായിരുന്നു.
പിടിയിലാകുമെന്നു ഭയന്ന് കണ്ണൻ ഓടി രക്ഷപ്പെട്ടു. മാത്യു വർഗീസിനെ ചോദ്യം ചെയ്തപ്പോഴാണ് തോക്ക് നിർമ്മിച്ചു നൽകിയത് പരമേശ്വരനും മകൻ ഗോപാലകൃഷ്ണനുമാണെന്ന് പറഞ്ഞത്. തുടർന്ന് ഇവരുടെ വീട്ടിൽ നിന്നുമാണ് രണ്ടു പേരെയും പിടികൂടിയത്. വീടിനു സമീപത്തെ ആലയിൽ വച്ചാണ് തോക്കു നിർമിച്ചത്. നിർമ്മാണത്തിന് ഉപയോഗിച്ച ഉപകരണങ്ങൾ ഈട്ടിത്തടി, പിച്ചള തുടങ്ങിയവയുടെ അവശിഷ്ടങ്ങളും ആലയിൽ നിന്നും കണ്ടെടുത്തു. തോക്കു നിർമ്മാണത്തിൽ വിദഗ്ദ്ധരായ അച്ഛനും മകനും ഇതിനു മുന്പ് നിരവധി തോക്കുകൾ പണിതു നൽകിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഏലത്തോട്ടത്തിലെ കുരങ്ങുകളെ വെടിവയ്ക്കാനാണ് തോക്കു വാങ്ങിയതെന്നാണ് മാത്യു വർഗീസ് പറയുന്നത്. ഒരു വർഷം മുന്പാണ് തോക്കിന് ഓർഡർ കൊടുത്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻറു ചെയ്തു.