ന്യൂഡല്‍ഹി• പാക്ക് ഹൈക്കമ്മിഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെട്ട ചാരപ്രവര്‍ത്തി കേസില്‍ രാജ്യസഭാ എംപിയുടെ സഹായിയേയും ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. സമാജ്‍വാദി പാര്‍ട്ടി എംപിയായ മുനവര്‍ സലീമിന്റെ സഹായി ഫര്‍ഹത്താണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. കേസുമായി ഇയാള്‍ക്കുള്ള ബന്ധമെന്താണെന്ന് വ്യക്തമല്ല.
അതേസമയം, മുംബൈയില്‍ 2008ല്‍ നടന്നതുപോലെ, കടല്‍മാര്‍ഗം എത്തി ആക്രമണം നടത്താന്‍ ഐഎസ്‌ഐ പദ്ധതിയിടുന്നുവെന്ന രഹസ്യവിവരം സ്ഥിരീകരിക്കുന്നതാണു കഴിഞ്ഞദിവസം ചാരപ്രവര്‍ത്തനത്തിനു പിടിയിലായ പാക്ക് ഹൈക്കമ്മിഷന്‍ ഉദ്യോഗസ്ഥന്റെ മൊഴിയെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. പാക്ക് ഹൈക്കമ്മിഷനിലെ ഏതൊക്കെ ഉദ്യോഗസ്ഥര്‍ക്കാണു വിവരങ്ങള്‍ കൈമാറിയിരുന്നതെന്നു മെഹ്മൂദ് അക്തര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.എന്നാല്‍, നേരിട്ടുള്ള തെളിവുകള്‍ ഇല്ലാത്തതിനാല്‍ ഈ ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ ഇപ്പോള്‍ നടപടികള്‍ ഉദ്ദേശിക്കുന്നില്ല. മെഹ്മൂദ് അക്തറിനെയും രാജസ്ഥാന്‍കാരായ മൗലാന റമസാന്‍, സുഭാഷ് ജംഗീര്‍ എന്നിവരെയും കഴിഞ്ഞ ബുധനാഴ്ചയാണു ചാരപ്രവര്‍ത്തനത്തിനു ഡല്‍ഹി പൊലീസ് പിടികൂടിയത്. പടിഞ്ഞാറന്‍തീരത്തെ സൈന്യവിന്യാസത്തെയും ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളിലെ സൈനിക കേന്ദ്രങ്ങളെയും കുറിച്ചുള്ള വിവരങ്ങളാണ് അക്തര്‍ ഇന്ത്യക്കാരായ കൂട്ടാളികളില്‍നിന്നു ശേഖരിച്ചതെന്നാണു വ്യക്തമായിട്ടുള്ളത്.വിവരങ്ങള്‍ നല്‍കുന്നതിന് 50,000 രൂപയാണത്രേ അക്തര്‍ കൂട്ടാളികള്‍ക്കു വാഗ്ദാനം ചെയ്തത്. അക്തറിനെ ചോദ്യം ചെയ്യലിനുശേഷം പാക്ക് ഹൈക്കമ്മിഷനു കൈമാറിയിരുന്നു. മറ്റു രണ്ടുപേരെ കോടതി കഴിഞ്ഞദിവസംതന്നെ അടുത്തമാസം എട്ടുവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ജോധ്പൂരില്‍ അറസ്റ്റിലായ വീസ ഏജന്റ് ഷോയബ് ഹസനെയും 11 ദിവസത്തേക്കു പൊലീസ് കസ്റ്റഡിയില്‍ വിടാന്‍ കോടതി നിര്‍ദേശിച്ചു.