ഫീനിക്‌സ്: സനാതന ധര്‍മ്മത്തിന്റെ പ്രചരണാര്‍ത്ഥം അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന കേരള ഹിന്ദൂസ് ഓഫ് നേര്‍ത്ത് അമേരിക്കയുടെ ആര്‍ഷദര്‍ശന പുരസ്‌കാരത്തിന് സാഹിത്യകാരന്‍ സി. രാധാകൃഷ്ണനെ തെരഞ്ഞെടുത്തതായി പ്രസിഡന്റ് ഡോ സതീഷ് അമ്പാടി അറിയിച്ചു.
വേദ സാഹിത്യത്തിന്റെ ധര്‍മ്മ സന്ദേശം രചനകളി ലൂടെ പ്രതിഫലിപ്പിക്കുന്ന മലയാളി സാഹിത്യകാരനെ ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും നല്‍കി ആദരിക്കുന്നതാണ് പുരസ്‌ക്കാരം. മഹാകവി അക്കിത്തത്തിനാണ് കഴിഞ്ഞ തവണ പുരസ്‌ക്കാരം നല്‍കിയത്.
ഡോ എം. വി പിള്ള, കെ ജയകുമാര്‍ ഐഎഎസ്, ആഷാ മോനോന്‍, പി ശ്രീകുമാര്‍, കെ രാധാകൃഷ്ണന്‍ നായര്‍ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌ക്കാരം നിര്‍ണ്ണയിച്ചത്. ആറ് പതിറ്റാണ്ടുകള്‍ നീളുന്ന നിഷ്ണാതമായ സാഹിത്യ സംഭാവനകളിലൂടെ മലയാളനോവല്‍ ചരിത്രത്തില്‍ ഈടാര്‍ന്ന സ്വന്തം അദ്ധ്യായം എഴുതിച്ചേര്‍ത്ത ധിഷണാശാലിയായ ഏകാന്ത സഞ്ചാരിയാണ് സി. രാധാകൃഷ്ണന്‍ എന്ന് സമിതി വിലയിരുത്തി.
നോവല്‍ നവകത്തിലൂടെയും മറ്റനേകം നോവലുകളിലൂടെയും ഇംഗ്‌ളീഷ് രചനകളിലൂടെയും അദ്ദേഹം വിരചിച്ചെടുത്ത ആശയലോകം അത്യന്തം വിപുലമാണ്. ചരിത്രബോധവും ശാസ്ത്രബോധവും ആത്മീയതയും സഹവര്‍ത്തിക്കുന്ന അസാധാരണമായൊരു മനസ്സിന്റെ ഉടമയാണ് അദ്ദേഹം. സര്‍ഗ്ഗവൈഭവവും ശാസ്ത്രബോധവും ഭാരതീയ സാംസ്‌കാരികാവബോധവും സഞ്ചയിച്ചെടുത്ത സി രാധാകൃഷ്ന്‍ മലയാളത്തിന്റെ അഭിമാനമാണ്.
മലയാളത്തിലും ഇംഗ്‌ളീഷിലുമായി അറുപതിലേറെ കൃതികള്‍; ശാസ്ത്രം, തത്വചിന്ത, സര്‍ഗ്ഗാത്മക സാഹിത്യം എന്നീ വൈവിധ്യപൂര്‍ണ്ണമായ മേഖലകളിലാകെ വ്യാപിച്ചുകിടക്കുന്ന രചനാലോകം. ഭാരതീയതയുടെയും മാനവികതയുടെയും ശാസ്ത്രത്തിന്റെയും ആത്മീയതയുടെയും സാമഞ്ജസ്യം കൊണ്ട് അന്യാദൃശവും വിപുലവും വിസ്മയാവഹവുമായ ഒരു രചനാലോകത്തിന്റെ പ്രജാപതിയാണ് സി. രാധാകൃഷ്ണനെന്ന് സമിതി അഭിപ്രായപ്പെട്ടു.
രാജീവ് ഭാസ്‌ക്കരന്‍ ചെയര്‍മാനും കെ. രാധാകൃഷ്ണന്‍ നായര്‍, ഡോ. വേണുഗോപാല്‍, ഡോ. രവീന്ദ്ര നാഥ്, ഡോ. അച്യുതന്‍കുട്ടി, പ്രൊഫ. നാരായണന്‍ നെയ്തലത്ത്, മന്മഥന്‍ നായര്‍, ഡോ. സുധീര്‍ പ്രയാഗ, പി.ശ്രീകുമാര്‍, ഡോ. സതീഷ് അമ്പാടി എന്നിവര്‍ അംഗങ്ങളുമായ ആര്‍ഷ ദര്‍ശന പുരസ്‌കാര സമിതി രൂപീകരിച്ചിരുന്നു.