കൊച്ചി: ഈസോപ്പ് കഥകളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് കലാസൃഷ്ടികളുമായി കൊച്ചി-മുസിരിസ് ബിനാലെയില്‍ കുരുന്നുകള്‍. ബിനാലെയുടെ ഭാഗമായി നടന്ന ത്രിദിന ‘ആര്‍ട്ട് ബൈ ചില്‍ഡ്രന്‍’ ശില്പകാലയിലാണ് 30 കുട്ടികള്‍ തങ്ങളുടെ സൃഷ്ടികള്‍ നടത്തിയത്. കൊച്ചി-മുസിരിസ് ബിനാലെ മൂന്നാം ലക്കത്തിന്റെ വേദികളിലൊന്നായ കബ്രാള്‍ യാര്‍ഡിലായിരുന്നു പുല്‍ച്ചാടികള്‍ എന്നു പേരിട്ട പരിശീലനക്കളരി. കുട്ടികളിലെ കലാവാസന വളര്‍ത്തുന്നതിനു വേണ്ടി കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ തുടങ്ങിയ പരിശീലന പദ്ധതിയാണ് ആര്‍ട്ട് ബൈ ചില്‍ഡ്രന്‍.
കണ്ണമാലി ചിന്മയ വിദ്യാലയത്തില്‍ നിന്നുള്‍പ്പടെയുള്ള വിദ്യാര്‍ത്ഥികളാണ് ത്രിദിന പരിപാടിയില്‍ പങ്കെടുത്തത്. കലാസൃഷ്ടികളുടെ എല്ലാ സാധ്യതകളും പരീക്ഷിക്കാന്‍ കുട്ടികള്‍ക്ക് അവസരം നല്‍കുന്നതായിരുന്നു ദിനംതോറും ആറു മണിക്കൂര്‍ നീണ്ട പരിപാടി.
ഡല്‍ഹി അംബേദ്കര്‍ സര്‍വകലാശാലയിലെ വിഷ്വല്‍ ആര്‍ട്ട് ബിരുദാനന്തര വിദ്യാര്‍ത്ഥി നിഖില്‍ കെ.സി-യാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കിയത്. ഈസോപ്പ് കഥകളില്‍ പ്രശസ്തമായ ഉറുമ്പും പുല്‍ച്ചാടിയും എന്ന കഥയാണ് നിഖില്‍ കുട്ടികള്‍ക്ക് പറഞ്ഞു കൊടുത്തത്. ഭാവിയിലേക്ക് ചിന്തിക്കണമെന്ന ഗുണപാഠമാണ് ഈ കഥയിലൂടെ പകര്‍ന്നു കിട്ടുന്നത്. കഠിനാധ്വാനം ചെയ്യുന്ന ഉറുമ്പിനോളം തന്നെ പ്രധാനമാണ് പുല്‍ച്ചാടിയുടെ കലാസൃഷ്ടിയെന്നും നിഖില്‍ കുട്ടികളോട് പറഞ്ഞു. ഇത്തരം വ്യത്യസ്തമായ വീക്ഷണമാണ് പരിശീലന കളരിയിലൂടെ കുട്ടികള്‍ക്ക് ലഭിക്കേണ്ടതെന്നും നിഖില്‍ കൂട്ടിച്ചേര്‍ത്തു. സ്റ്റുഡന്റ്‌സ് ബിനാലെയില്‍ പങ്കെടുക്കാനെത്തിയതാണ് നിഖില്‍.
കബ്രാള്‍ യാര്‍ഡിലെ പവിലിയന്റെ ഭിത്തികളിലും കുട്ടികളുടെ സൃഷ്ടികളുണ്ട്. ബ്രഷും കടലാസും കൊണ്ടു വരയ്ക്കുന്ന പരമ്പരാഗത രീതികളില്‍നിന്നുള്ള മാറ്റമാണ് ഇതിലൂടെ കുട്ടികള്‍ക്ക് ലഭിച്ചത്. ബ്രഷും പെന്‍സിലും മാത്രമല്ല, തടി-ലോഹക്കഷണങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ചും കുട്ടികള്‍ തങ്ങളുടെ സര്‍ഗവൈഭവം പ്രകടിപ്പിച്ചു. കിട്ടിയ സ്ഥലത്തെ എങ്ങിനെ കലാപരമായി ഉപയോഗിക്കാമെന്നത് കുട്ടികള്‍ ഇതിലൂടെ മനസിലാക്കി. വിള്ളലുകളില്‍ പെയിന്റ് ചെയ്തും ചെറിയ കമ്പുകള്‍ നിറച്ചും കുട്ടികള്‍ തങ്ങളുടെ കലാഭാവന തെളിയിച്ചു. പ്രകൃത്യാ കിട്ടുന്ന ഉത്പന്നങ്ങള്‍ കൊണ്ട് എങ്ങിനെ കലാസൃഷ്ടി നടത്താമെന്ന് കുട്ടികളെ മനസിലാക്കുന്നതിന് ഈ പരിശീലന കളരി സഹായിച്ചിട്ടുണ്ടെന്ന് ആര്‍ട്ട് ബൈ ചില്‍ഡ്രന്റെ തലവന്‍ മനു ജോസ് പറഞ്ഞു. വൈവിദ്ധ്യമാര്‍ന്ന വീക്ഷണങ്ങളെ എങ്ങനെ സര്‍ഗ്ഗാത്മകമായി ഉപയോഗിക്കാമെന്നതിനെക്കുറിച്ച് കുട്ടികളില്‍ അവഗാഹമുണ്ടാക്കാന്‍ ഇത് സഹായിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒടിഞ്ഞ വാള്‍, പൊട്ടിയ ആണി, തുടങ്ങിയ വസ്തുക്കള്‍ കുട്ടികളെ കാണിച്ച് സര്‍ഗപരമായ മനസോടെ ഇവയെ എങ്ങിനെ കാണൂന്നുവെന്ന് മനസിലാക്കിക്കാനായിരുന്നു ഇത്. ഇത്തരം കാഴ്ചകളില്‍നിന്ന് എന്തു മനസിലായെന്ന് കുട്ടികള്‍ വിശദീകരിച്ചു. ഇത്തരം വേദി കുട്ടികള്‍ക്ക് വീടുകളിലോ വിദ്യാലയങ്ങളിലോ ലഭിക്കില്ലെന്ന് നിഖില്‍ പറഞ്ഞു. സ്ഥലമോ , പരിസരമോ കലാസ്വാദനത്തിനും കലാസൃഷ്ടിക്കും തടസ്സമാവില്ലെന്ന യാഥാര്‍ത്ഥ്യം മനസിലാക്കാന്‍ ഈ പരിശീലന കളരി കുട്ടികള്‍ക്ക് സഹായകരമായി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.