കുട്ടികളിലെ സര്‍ഗ്ഗാത്മകതയ്ക്ക് ചിറകുകള്‍ നല്‍കി ആര്‍ട്ട് ബൈ ചില്‍ഡ്രന്‍

268

കൊച്ചി: കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ വിദ്യാര്‍ത്ഥികള്‍ക്കായി തുടങ്ങിയ ആര്‍ട്ട് ബൈ ചില്‍ഡ്രന്‍(എബിസി) പദ്ധതി വ്യാപകമായി ശ്രദ്ധയാകര്‍ഷിക്കുന്നു. നിരവധി സ്‌കൂളുകളാണ് എബിസിയില്‍ താത്പര്യം പ്രകടിപ്പിച്ച് സംഘാടകരുമായി ബന്ധപ്പെടുന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളിലെ കലാഭിരുചി വളര്‍ത്തുന്നതിനു വേണ്ടിയാണ് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സംരംഭത്തിന് തുടക്കമിട്ടത്. കൊച്ചി-മുസിരിസ് ബിനാലെ മൂന്നാം ലക്കം തുടങ്ങിയതിനു ശേഷം മൂന്ന് പരിശീലന കളരികള്‍ ഇതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ചു. കട്ട്‌സ് ആന്‍ഡ് ഫോള്‍ഡ്‌സ് എന്ന പേരില്‍ അവതരിപ്പിച്ച കടലാസു നിര്‍മ്മിതി, കൈയ്യക്ഷരശാസ്ത്രം, ബാട്ടിക് പെയിന്റിംഗ് എന്നിവയിലായിരുന്നു മൂന്ന് പരിശീലന കളരികള്‍. കുഭകോണത്തെ ഫൈന്‍ ആര്‍ട്‌സ് കോളേജ് ചിത്രരചന വിഭാഗം തലവനായ അരുളരസനും, നാരായണ ഭട്ടതിരിയും ജോസ് ചെറിയാനുമാണ് അതത് കളരികള്‍ക്ക് മേല്‍നോട്ടം വഹിച്ചത്. കൊച്ചി ബിനാലെയുടെ പ്രധാന വേദിയായ ആസ്പിന്‍വാള്‍ ഹൗസിലെ വാസ്തുകലാ പന്തലിലായിരുന്നു പരിശീലന കളരികള്‍

പരമ്പരാഗത കലാധ്യയന ശൈലിയില്‍ നിന്ന് വിഭിന്നമായി കുട്ടികളെ വളര്‍ത്തിക്കൊണ്ടു വരാനാണ് ഇത്തരം പരിശീലന കളരികള്‍ കൊണ്ടുദ്ദേശിക്കുന്നതെന്ന് എബിസി പരിപാടിയുടെ മേധാവി മനു ജോസഫ് പറഞ്ഞു. വളരെ അനൗപചാരികമായ അന്തരീക്ഷത്തില്‍ കളിയും തമാശയും നിറഞ്ഞതായിരുന്നു പരിശീലനമെന്നും അദ്ദേഹം പറഞ്ഞു. കടലാസുകൊണ്ട് വിവിധ തരം രൂപങ്ങളും നിര്‍മ്മിതികളും ഉണ്ടാക്കുകയായിരുന്നു കട്ട്‌സ് ആന്‍ഡ് ഫോള്‍ഡ്‌സ് പരിപാടി. പല ആകൃതികള്‍, മുഖം മൂടി തുടങ്ങിയവ ഉണ്ടാക്കാന്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കി. മുതിര്‍ന്നവരേക്കാള്‍ ബുദ്ധിശാലികളാണ് കുട്ടികള്‍. അവരെ സ്വതന്ത്രമായി കലാരൂപങ്ങള്‍ ഉണ്ടാക്കാന്‍ മനസ് കാട്ടിയാല്‍ മാത്രം മതിയെന്ന് അരുളരസന്‍ പറഞ്ഞു. 12 നും 13 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കായാണ് കട്ട്‌സ് ആന്‍ഡ് ഫോള്‍ഡ്‌സ് പരിപാടി ഒരുക്കിയത്.

മലയാള കൈയ്യെഴുത്തു ശാസ്ത്ത്രിലെ അപൂര്‍വ വ്യക്തിത്വമായ നാരായണ ഭട്ടതിരിയാണ് കുട്ടികള്‍ക്ക് ഈ വിഷയത്തില്‍ ക്ലാസുകള്‍ എടുത്തത്. ആദ്യദിനം ശാസ്ത്രീയ ശൈലിയില്‍ എഴുതാന്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കി. രണ്ടാം ദിനം കൂടുതല്‍ സങ്കീര്‍ണമായ ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള പരിശീലനമായിരുന്നുവെന്ന് കലാകൗമുദിയിലെ ലേ ഔട്ട് ആര്‍ട്ടിസ്റ്റായിരുന്നു ഭട്ടതിരി പറഞ്ഞു. മാതൃഭാഷയില്‍ നിന്നും പുതുതലമുറ കുട്ടികള്‍ അകന്നു പോകുന്ന ഇക്കാലത്ത് കൈയ്യെഴുത്തു ശാസ്ത്രം മലയാളത്തില്‍ പഠിക്കാന്‍ താത്പര്യമുണ്ടാകുന്നതു തന്നെ വലിയാകാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. പിറവത്തെ സര്‍ക്കാര്‍ യുപി സ്‌കൂളിലെ കുട്ടികളാണ് കൈയ്യെഴുത്തു കളരിയില്‍ എത്തിയത്.

കാഠിന്യമേറിയ ബാട്ടിക് പെയിന്റിംഗിന്റെ പരിശീലന കളരി നയിച്ചത് കോവളത്തു നിന്നുള്ള ആര്‍ട്ടിസ്റ്റ് ജോസ് ചെറിയാനാണ്.് മെഴുകിനെ പ്രതിരോധിക്കുന്ന തരം ചായങ്ങളാണ് ബാട്ടിക് പെയിന്റിംഗിന്റെ സവിശേഷത. ഇതില്‍ കുട്ടികളുടെ ഭാവനയും അറിവും വളരെ പ്രധാനമാണ്. തുണിയില്‍ മെഴുക് തുടച്ച് അതില്‍ പെയിന്റ്‌ചെയ്യുന്ന വിദ്യയാണിത്. പിന്നീട് ചൂടു വെള്ളത്തിലിട്ട് ഈ മെഴുകു കളയുമ്പോള്‍ ചിത്രം വെളിവാകുന്നു. ഇത് വെയിലത്തിട്ടുണക്കിയാണ് പെയിന്റിംഗ് പൂര്‍ത്തിയാക്കുന്നത്. തിളച്ച വെള്ളവും മറ്റുമുള്ളതിനാല്‍ പൊള്ളലിനു സാധ്യതയുണ്ട്. അതിനാല്‍ കുട്ടികള്‍ കൂടുതല്‍ ജാഗരൂകരാകണമെന്നും ജോസ് ചെറിയാന്‍ പറഞ്ഞു.

പ്രശസ്ത ബാട്ടിക് പെയിന്റര്‍ കെ ജയപാല പണിക്കരുടെ കീഴിലാണ് 1979 മുതല്‍ ജോസ് ഈ വിദ്യ അഭ്യസിച്ചത്. കടവന്ത്ര കേന്ദ്രീയ വിദ്യാലയത്തില്‍ നിന്നുള്ള 31 വിദ്യാര്‍ത്ഥികളാണ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. ജലച്ചായങ്ങളും ക്രയോണുമല്ലാതെ വേറെയും പെയിന്റിംഗ് രീതികളുണ്ടെന്ന് കുട്ടികളെ മനസിലാക്കി കൊടുക്കാന്‍ ഈ പരിശീലന കളരിയ്ക്കായിട്ടുണ്ടെന്ന് സ്‌കൂളിലെ അധ്യാപികയായ ജയന്തി പറഞ്ഞു. കുട്ടികള്‍ക്കായി ഇത്രയും മികച്ച പരിപാടി സംഘടിപ്പിച്ച കൊച്ചി ബിനാലെ അഭിനന്ദമര്‍ഹിക്കുന്നുവെന്നും അവര്‍ പറഞ്ഞു. തിരുവല്ല സ്വദേശിയായ വിപി പ്രഭാകരന്റെ കളം, പക്ഷികോലം പടയണി എന്നിവ ഫെബ്രുവരി 17 മുതല്‍ 19 വരെ ബിനാലെയില്‍ നടക്കും. തൃശൂരില്‍ നിന്നുള്ള കടലാസ് നിര്‍മ്മിതി ആര്‍ട്ടിസ്റ്റായ ആന്റോയുടെ പരിശീല കളരിയും പരീക്ഷ ചൂട് ആകുന്നതിനു മുമ്പായി ഫെബ്രുവരി 25, 26 തിയതികളിലായി ബിനാലെയില്‍ നടക്കുന്നുണ്ട്.

NO COMMENTS

LEAVE A REPLY