യമുനാതീരത്ത് ആർട്ട് ഓഫ് ലിവിങ് നടത്തിയ ലോകസാംസ്കാരിക ഉത്സവം നദീതടവും ജൈവവൈവിധ്യവും നശിപ്പിച്ചെന്ന് വിദഗ്ധ സമിതി

303

ന്യൂ‍ഡല്‍ഹി: യമുനാതീരത്ത് ആർട്ട് ഓഫ് ലിവിങ് നടത്തിയ ലോകസാംസ്കാരിക ഉത്സവം നദീതടവും ജൈവവൈവിധ്യവും നശിപ്പിച്ചെന്ന് വിദഗ്ധ സമിതി. ദേശീയ ഹരിത ട്രിബ്യൂണൽ നിയമിച്ച വിദഗ്ധ സമിതി സമർപ്പിച്ച റിപ്പോർട്ടിലാണ് കണ്ടെത്തൽ . ഡല്‍ഹി ഡി.എന്‍ഡി മേല്‍പ്പാലം മുതല്‍ ബാരാപുള്ള ഡ്രെയിനേജ് വരെയുള്ള യമുനാതീരം പൂര്‍ണ്ണമായും നശിച്ചു പോയെന്നും ഈപ്രദേശം മുഴുവന്‍ പൂര്‍ണമായും നിരപ്പാവുകയും ഉറച്ചുപോവുകയും ചെയ്തെന്നും പ്രദേശത്തെ പച്ചപ്പ് ഇല്ലാതായെന്നും റിപ്പോര്‍ട്ട് പറയുന്നു. സ്റ്റേജ് നിര്‍മ്മിക്കാനായി സ്ഥലംനിരത്തിയെന്നും സമിതി കണ്ടെത്തി.
കഴിഞ്ഞ മാര്‍ച്ചില്‍ മൂന്നുദിവസം യമുനാതീരത്ത് ശ്രീ ശ്രീ രവിശങ്കറിന്റെ ആര്ട്ട് ഓഫ് ലിവിങ് നടത്തിയ പരിപാടി വിവാദമായിരുന്നു. പരിസ്ഥിതിക്ക് കോട്ടംതട്ടുംവിധമാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നാണ് ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ താത്കാലിക നിര്‍മ്മാണങ്ങള്‍ മാത്രമാണ് അവിടെ നടന്നതെന്നായിരുന്നു സംഘാടകരുടെ അവകാശവാദം.
ഒരേസമയം കാല്‍ ലക്ഷത്തോളം പേര്‍ക്ക് ഇരിക്കാവുന്ന കൂറ്റന്‍ സ്റ്റേജാണ് പടുത്തുയര്‍ത്തിയത്. ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഒരേസമയം പരിപാടി കാണാനുള്ള സൗകര്യങ്ങളും വാഹനപാര്‍ക്കിങ്ങിനുള്ള വിശാലമായ പ്രദേശവും നിര്‍മ്മിച്ചിരുന്നു. മൂന്നുദിവസത്തെ പരിപാടികൊണ്ട് പ്രദേശത്തെ മരങ്ങളും ചെടികളുമെല്ലാം നശിച്ചു. നിരവധി ജന്തുജാലങ്ങളുടെ വാസസ്ഥലം ഇതുകാരണം നഷ്ടമായി. ഇതുകൊണ്ടുള്ള നഷ്ടം എളുപ്പത്തില്‍ നികത്താനാവില്ല.
കേന്ദ്ര ജലവിഭവസെക്രട്ടറി ശശി ശേഖര്‍ അധ്യക്ഷനായി ട്രൈബ്യൂണല് നിയമിച്ച ഏഴംഗ വിദഗ്ധസമിതിയുടെതാണ് റിപ്പോര്‍ട്ട്. നാഷണല്‍ എന്ന്‍വിയോണ്‍മെന്‍റ് എന്ജിനീയറിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ഡല്‍ഹി ഐ.ഐ.ടി. തുടങ്ങിയവയിലെ വിദഗ്ധരും സമിതിയിലുണ്ടായിരുന്നു.

NO COMMENTS

LEAVE A REPLY