കൊച്ചി : കൊച്ചി മുസിരിസ് ബിനാലെ (കെഎംബി) 2016ന്റെ ക്യുറേറ്റര്‍ സുദര്‍ശന്‍ ഷെട്ടിക്ക് ഇന്ത്യാ ടുഡേ ആര്‍ട്ടിസ്റ്റ് ഓഫ് ദി ഇയര്‍ പുരസ്‌കാരം. ഇന്ത്യാ ടുഡേ ആര്‍ട്ട് അവാര്‍ഡ്‌സിന്റെ രണ്ടാം പതിപ്പിലാണ് കലാ ആവിഷ്‌കാരത്തിന്റെ ആഴവും തീഷ്ണതയും മുന്‍നിര്‍ത്തി അദ്ദേഹത്തിന് പുരസ്‌കാരം സമ്മാനിച്ചത്. ഞായറാഴ്ച ഡല്‍ഹിയിലെ ദി ലീല പാലസ് ഹോട്ടലിലായിരുന്നു കലാകാരന്മാരും കലാപ്രേമികളും ക്യുറേറ്റര്‍മാരും കളക്റ്റര്‍മാരും ഉള്‍പ്പെടെ കലാരംഗത്തെ പ്രമുഖരും പ്രശസ്തരും പങ്കെടുത്ത പുരസ്‌കാരദാന ചടങ്ങ്.
31 രാജ്യങ്ങളില്‍നിന്നായി 97 കലാകാരന്മാരെ കൊണ്ടുവന്ന് വിവിധ മാധ്യമങ്ങളിലും ശൈലികളിലും രൂപങ്ങളിലുമായി നൂറോളം കലാസൃഷ്ടികള്‍ കൊച്ചി ബിനാലെയില്‍ ഒരുക്കിയ അദ്ദേഹത്തിന്റെ അദ്ധ്വാനത്തിനും, സമകാലീന കലയുടെ മുന്‍പന്തിയിലെ പേരുകളിലൊന്നായി പലതലങ്ങളിലും മാധ്യമങ്ങളിലുമായി സുദര്‍ശന്‍ ഷെട്ടി തുടര്‍ന്നുവരുന്ന കലാപ്രവര്‍ത്തനങ്ങള്‍ക്കും അംഗീകാരമായാണ് പുരസ്‌കാരം.
ഈ പുരസ്‌കാരത്തിന് തന്നെപ്പോലെ തന്നെ അര്‍ഹതയുള്ള നിരവധി വ്യക്തികള്‍ക്കിടയില്‍ ഇരിക്കാനാവുന്നത് സൗഭാഗ്യമായി കരുതുന്നുവെന്ന് സുദര്‍ശന്‍ ഷെട്ടി പറഞ്ഞു. കടന്നുവന്ന വഴികളില്‍ തന്റെ ലോകവീക്ഷണത്തെ പരുവപ്പെടുത്തിയ നിരവധിപ്പേരോട് കടപ്പെട്ടിരിക്കുന്നു. ഗോരക്‌നാഥിനെയും കബീറിനെയും പോലെയുള്ള കവികള്‍ മുതല്‍ ഭാരതീയ ആധുനികതയിലെ മഹാന്മാരില്‍നിന്നുവരെ പല രീതിയിലും പലതും സ്വീകരിച്ചിട്ടുണ്ട്. ബിനാലെയില്‍, ക്യുറേറ്റര്‍ എന്ന നിലയിലെ തന്റെ വീക്ഷണം സമകാലീനമാകുകയും ഒപ്പം കാലാതീതമാകുകയും ചെയ്യുന്നതിന്റെ അര്‍ത്ഥതലങ്ങളാണുള്ളത്. ഭാവിയിലേക്കുള്ള നോട്ടം സാധ്യമാകമണമെങ്കില്‍ ഭൂതകാലത്തിലേക്ക് നോക്കേണ്ടതുണ്ട്. നാം ആരാണെന്ന് മനസിലാക്കുന്നതിനായി നാം ആരായിരുന്നു എന്നു മനസിലാക്കേണ്ടതുണ്ട്. പാരമ്പര്യം എന്നത് സമയത്തില്‍ പിന്തിരിഞ്ഞുനോക്കുമ്പോള്‍ മുന്നോട്ട് നയിക്കുന്ന ഒന്നാണോ, അതോ വര്‍ത്തമാനകാലത്തിനിടെ ഭാവിയുടെ ദര്‍ശനങ്ങളുമായി പൊട്ടിവീഴുന്ന ഒന്നാണോ എന്നും ചിന്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലൈഫ്‌ടൈം അച്ചീവ്‌മെന്റ്, സ്ട്രീറ്റ് ആര്‍ട്ട്, ന്യൂ മീഡിയ ആര്‍ട്ട്, വളര്‍ന്നുവരുന്ന ക്യുറേറ്റര്‍മാരും കളക്റ്റര്‍മാരും തുടങ്ങിയ വിഭാഗങ്ങളിലെ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. ആശയത്തിന്റെ മൗലികത, സാമൂഹിക-രാഷ്ട്രീയ ഇടപെടലുകള്‍, സൗന്ദര്യാത്മകത, മാധ്യമത്തിലെ സ്വാധീനം തുടങ്ങിയ ഘടകങ്ങളെ വിലയിരുത്തിയായിരുന്നു ജേതാക്കളെ തെരഞ്ഞെടുത്തത്.
മികച്ച സോളോ എക്‌സിബിഷനുള്ള പുരസ്‌കാരം കൊച്ചി-മുസിരിസ് ബിനാലെ 2016ല്‍ പങ്കെടുക്കുന്ന കലാകാരനായ ഹിമ്മത് ഷായ്ക്കാണ് ലഭിച്ചത്. ശില്‍പ്പകല, വര, പ്രിന്റ് നിര്‍മാണം എന്നിവയുള്‍പ്പെടെ വിവിധ മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഷാ ടെറാക്കോട്ടാ, സെറാമിക്, പ്ലാസ്റ്റര്‍ ഓഫ് പാരിസ്, ഗോള്‍ഡ് ലീഫ്, ബ്രോണ്‍സ് എന്നിവയില്‍ നിര്‍മിച്ച അര്‍ദ്ധകായ പ്രതിമകളുടെ പേരില്‍ പ്രശസ്തനാണ്. 1980 മുതല്‍ 2016 വരെയുള്ള നാലുപതിറ്റാണ്ടു നിര്‍മിച്ച ഇത്തരത്തിലുള്ള ഇരുപതോളം ശില്‍പ്പങ്ങള്‍ ബിനാലെയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.