ന്യൂഡല്‍ഹി: യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ആധാര്‍ പദ്ധതിയെ വാനോളം പുകഴ്ത്തി ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. യുപിഎ സര്‍ക്കാര്‍ നികുതി വെട്ടിപ്പ് തടയാനും നേരിട്ടുള്ള സബ്സിഡി ആനുകൂല്യങ്ങള്‍ ലഭ്യമാക്കാനുമായി ആധാര്‍ നിര്‍ബന്ധമാക്കി വികസിപ്പിച്ചെടുക്കുക ആയിരുന്നുവെന്നും രാജ്യസഭയില്‍ ജെയ്റ്റ്ലി പറഞ്ഞു. ധനകാര്യ ബില്‍ സംബന്ധിച്ച ചര്‍ച്ചയ്ക്ക് മറുപടി നല്‍കുകയായിരുന്നു കേന്ദ്രമന്ത്രി. ആധാര്‍ സംബന്ധിച്ച് സംശയങ്ങളുണ്ടായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ രൂപീകരണ ശേഷം പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ വച്ചാണ് തന്റെ എല്ലാ ചോദ്യങ്ങള്‍ക്കും ഉചിതമായ മറുപടി ലഭിച്ചതെന്നും ധനമന്ത്രി വെളിപ്പെടുത്തി. ഇതൊരു മഹത്തരമായ പദ്ധതിയാണ് അത് തുറന്നുപറയാന്‍ തങ്ങള്‍ക്ക് മടിയില്ല. ഈ പദ്ധതിയെ ഇനിയും വികസിപ്പിക്കും. ഇത് സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. അതിലൊരു സംശയവുമില്ലെന്നും അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കി. ആധാര്‍ എന്തിനാണ് നിര്‍ബന്ധമാക്കിയതെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ തുടരെ ചോദിച്ചപ്പോള്‍ പൊതുപ്രയോജനത്തിനായി രൂപംകൊടുത്ത സാങ്കേതിക വിദ്യയെ എന്തിന് ഉപയോഗിക്കാതിരിക്കുന്നത് എന്തിനെന്ന് ചോദിച്ച് ജെയ്റ്റ്ലി തിരിച്ചടിച്ചു. ഹാക്കിങ്ങിലൂടെ വ്യക്തികളുടെ ബാങ്ക് അക്കൗണ്ട്, ഐടി റിട്ടേണ്‍സ് വിവരങ്ങള്‍ ചോരില്ലെന്ന് ഉറപ്പ് നല്‍കാനാകുമോ എന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ ചോദ്യത്തിനും ജെയ്റ്റ്ലി മറുപടി നല്‍കി. സാങ്കേതിക വിദ്യ ഉപയോഗിക്കാതിരിക്കാനുള്ള ന്യായമായി സാങ്കേതിക വിദ്യ തകരാറിലാകുമെന്ന വാദം ഉന്നയിക്കാന്‍ കഴിയില്ല. ഹാക്കിങ്ങ് ഒരിക്കലും തടയാനാകില്ല. ഇന്ത്യന്‍ ക്രിക്കറ്റര്‍ എംഎസ് ധോണിയുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നത് ചിലരുടെ അപക്വമായ പ്രവൃത്തികൊണ്ടാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. അതു ചൂണ്ടിക്കാട്ടി ആധാര്‍ സുരക്ഷിതമല്ലെന്ന് പറയാനാകില്ല. ധോണിയുടെ ആധാര്‍ വിവരം പുറത്തുവിട്ട കമ്ബനിയെ പത്ത് വര്‍ഷത്തേക്ക് കരിമ്ബട്ടികയില്‍ ഉള്‍പ്പെടുത്തിയെന്നും കേന്ദ്രമന്ത്രി അറിയിച്ചു.