ശ്രീനഗർ: ഭീകരർക്ക് ശക്തമായ തിരിച്ചടി നൽകണമെന്ന് പ്രതിരോധമന്ത്രി അരുൺ ജയ്റ്റ്ലി. ജമ്മു കശ്മീരിൽ എവിടെയാണെങ്കിലും അവരെ കണ്ടെത്തി ആക്രമിക്കണമെന്ന് സുരക്ഷാ സേനയ്ക്ക് മന്ത്രി നിർദേശം നൽകി. ജമ്മു കശ്മീരിലെ സുരക്ഷ വിലയിരുത്തുന്നതിനെത്തിയ മന്ത്രി ഉയർന്ന സൈനിക ഉദ്യോഗസ്ഥന്മാരുമായി ചർച്ച നടത്തുകയും ചെയ്തു. നിയന്ത്രണരേഖയ്ക്കു സമീപമുള്ള സൈനികപോസ്റ്റുകളിലും അദ്ദേഹം സന്ദർശനം നടത്തി. അതിർത്തിയിലെ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിലായിരുന്നു അരുൺ ജയ്റ്റ്ലിയുടെ സന്ദർശനം.നിയന്ത്രണരേഖയ്ക്കു സമീപവും രാജ്യാന്തര അതിർത്തിയിലും സുരക്ഷ ശക്തമാക്കണം. പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് എപ്പോൾ വേണമെങ്കിലും നുഴഞ്ഞുകയറ്റ ശ്രമമുണ്ടാക്കാമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. അതിർത്തിയിലുണ്ടാകുന്ന ആക്രമണങ്ങൾക്ക് ശക്തമായ മറുപടി നൽകണമെന്ന് നേരത്തെ ബിഎസ്എഫിന് കേന്ദ്രസർക്കാർ നിർദേശം നൽകിയിരുന്നു.