വ്യക്തി നിയമങ്ങള്‍ ഭരണഘടനയ്ക്ക് അനുസൃതമാകണം : അരുണ്‍ ജെയ്റ്റ്ലി

168

ന്യൂഡല്‍ഹി: ഏകീകൃത വ്യക്തിനിയമവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ കാഴ്ചപ്പാട് വ്യക്തമാക്കി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. വ്യക്തിനിയമം ഭരണഘടനാനുസൃതവും ലിംഗസമത്വം പാലിക്കുന്നതും ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കുന്നതുമായിരിക്കണമെന്ന് ജെയ്റ്റ്ലി തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.മൗലികാവകാശങ്ങളും വ്യക്തി നിയമവും തമ്മിലുള്ള ബന്ധം സംബന്ധിച്ച്‌ വ്യക്തമായ ഒരു നിലപാട് സ്വീകരിക്കാന്‍ മുന്‍ സര്‍ക്കാരുകള്‍ക്ക് സാധിച്ചിട്ടില്ല.എന്നാല്‍, ഈ സര്‍ക്കാരിന് ഇതുമായി ബന്ധപ്പെട്ട് കൃത്യമായ നിലപാടുകളുണ്ട്. ഭരണഘടന വിഭാവനം ചെയ്യുന്ന സമത്വത്തെയും ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശത്തെയും മാനദണ്ഡമാക്കിയാകും മുത്തലാഖിനെയും സമീപിക്കുക. ഇതുതന്നെയായിരിക്കും മറ്റെല്ലാ വ്യക്തിനിയമങ്ങള്‍ക്കും ബാധകമായിരിക്കുകയെന്നും ജെയ്റ്റ്ലി പറഞ്ഞു.
ഓരോ സമുദായത്തിനും പ്രത്യേകമായുള്ള വ്യക്തിനിയമങ്ങള്‍ ഭരണഘടനയ്ക്ക് അനുസൃതമായിരിക്കണം എന്നതാണ് സര്‍ക്കാരിന്റെ നിലപാട്. മതപരമായ ആചാരങ്ങളും അനുഷ്ഠനങ്ങളും വ്യക്തിയുടെ അവകാശങ്ങളും തമ്മില്‍ മൗലികമായ വ്യത്യാസമുണ്ടെന്നും ജെയ്റ്റ്ലി ചൂണ്ടിക്കാട്ടി.
മുത്തലാഖിന്റെ ഭരണഘടനാപരമായ നിലനില്‍പ്പ് മാത്രമാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. ബഹുഭാര്യാത്വവും മുത്തലാഖും മതവിശ്വാസത്തിന്റെ അനിവാര്യ ഘടകങ്ങളായി പരിഗണിക്കാനാവില്ല എന്നാണ് നിയമമന്ത്രാലയം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍, ആവശ്യമായ ചര്‍ച്ചകളും വിശകലനങ്ങളും നടത്തിയ ശേഷം മാത്രമേ ഏകീകൃത വ്യക്തിനിയമം സംബന്ധിച്ച്‌ നിയമ ഭേദഗതി കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY