തിരുവനന്തപുരം: ഇടതുമുന്നണി അധികാരത്തിലിരിക്കുന്ന സമയത്തെല്ലാം കേരളത്തില്‍ അക്രമം ക്രമാതീതമായി വര്‍ധിക്കുകയാണെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ബി.ജെ.പി പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ചാണ് അക്രമം നടക്കുന്നത് ഇത് തീര്‍ത്തും ആസൂത്രിതമാണ്. ഇതിന്റെ ഉത്തരവാദിത്തം ഭരിക്കുന്ന സര്‍ക്കാറിനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സി.പി.എം ആക്രമണത്തില്‍ കൊല്ലപ്പെട്ട ആര്‍.എസ്.എസ് കുടുംബങ്ങളെ സന്ദര്‍ശിച്ചശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഭീകരരെ പോലും നാണിപ്പിക്കുന്ന വിധമാണ് കൊലപാതകം അരങ്ങേറുന്നത്. ദേഹമാസകലം പരിക്കേല്‍പ്പിച്ചാണ് ശ്രീകാര്യത്തെ രാജേഷിനെ വകവരുത്തിയത്. പൊലീസ്? നോക്കിനില്‍ക്കെയാണ് ആക്രമണം. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്താണ് ഇത്തരം സംഭവമെങ്കില്‍ അവാര്‍ഡുകള്‍ തിരിച്ചേല്‍പ്പിക്കുക വരെ ചെയ്യാന്‍ ആളുണ്ടാകും.
ആര്‍.എസ്.എസ് ആക്രമണത്തില്‍ സി.പി.എമ്മുകാര്‍ക്കും ജീവനഹാനി സംഭവിച്ചുവെന്ന് പറയുന്നത് സംഭവം ന്യായീകരിക്കാനുള്ള ശ്രമമാണ്. മാധ്യമങ്ങള്‍ ഇത്തരം പ്രചാരണങ്ങള്‍ക്ക് കൂട്ടുനില്‍ക്കരുത്. അക്രമികള്‍ തന്നെ ഇരകളായി ചിത്രീകരിക്കപ്പെടുന്നത് ആശയക്കുഴപ്പം സൃഷ്ടിക്കാനാണ്. അക്രമത്തിനിരയായ സി.പി.എം പ്രവര്‍ത്തകരെ കാണുന്നതിന് തടസ്സമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.