ന്യൂഡല്‍ഹി • നോട്ട് മാറ്റിയെടുക്കലും വിതരണവും പൂര്‍ണ തോതിലാകാന്‍ മൂന്നാഴ്ചയെങ്കിലും എടുക്കുമെന്ന് സൂചിപ്പിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. നോട്ടു മാറ്റം വളരെ വലിയ പ്രക്രിയയാണ്. എടിഎമ്മുകള്‍ നേരെയാകാന്‍ മൂന്നാഴ്ചയെങ്കിലും എടുക്കും. കോണ്‍ഗ്രസ് ഉത്തരവാദിത്തമില്ലാതെയാണ് വിമര്‍ശിക്കുന്നത്. സമ്ബത്ത് ഘടന ശുദ്ധീകരിക്കുന്നതിനോട് ചിലര്‍പ്പ് എതിര്‍പ്പാണ്. നോട്ട് പിന്‍വലിച്ചതിനെ തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദമുണ്ടെന്നും ജയ്റ്റ്ലി പറഞ്ഞു. സര്‍ക്കാര്‍ നിറവേറ്റുന്നത് വലിയ ഉത്തരവാദിത്തമാണ്. നോട്ടുകള്‍ പിന്‍വലിച്ച സാഹചര്യത്തെ ധനമന്ത്രാലയം നിരീക്ഷിക്കുന്നുണ്ട്. ആദ്യത്തെ ഏതാനും ദിവസങ്ങളില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന് നേരത്തെതന്നെ പ്രതീക്ഷിച്ചിരുന്നു. ജനങ്ങള്‍ പ്രയാസം സഹിച്ചും സര്‍ക്കാര്‍ നടപടിയോട് സഹകരിക്കുന്നുണ്ട്. 86 ശതമാനം പഴയ നോട്ടുകള്‍ മാറിനല്‍കിക്കഴിഞ്ഞു. കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ നിക്ഷേപമായും മറ്റു രീതിയിലും എസ്ബിഐ മാത്രം 2 കോടി 28 ലക്ഷം രൂപയുടെ ഇടപാടുകള്‍ നടത്തി. ശനി ഉച്ചവരെ 58 ലക്ഷം പേര്‍ക്ക് പഴയ നോട്ടുകള്‍ എസ്ബിഐ മാറി നല്‍കി. പുതിയ 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാന്‍ നിലവിലെ എടിഎമ്മുകളില്‍ കഴിയില്ല. അവയ്ക്കുള്ളിലെ ഉപകരണത്തില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. അതിനുള്ള നടപടികള്‍ നടക്കുകയാണ്. നോട്ടുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ ജനങ്ങള്‍ കൂട്ടമായി ബാങ്കുകളിലേക്ക് പോകുമെന്ന സര്‍ക്കാരിനു അറിയാമായിരുന്നു. പഴയ നോട്ടുകള്‍ മാറിയെടുക്കാന്‍ ഡിസംബര്‍ 30 വരെ സമയമുണ്ട്. തുടക്കത്തില്‍ ജനങ്ങള്‍ തിരക്കുകൂട്ടരുത്. സര്‍ക്കാരിന്റെ ഈ തീരുമാനത്തെക്കുറിച്ച് മുന്‍കൂട്ടി അറിയിക്കാന്‍ സാധിക്കില്ല. അതിനാലാണ് രഹസ്യമാക്കി വച്ചത്- ജയ്റ്റ്ലി വ്യക്തമാക്കി.