സർവകലാശാല പരീക്ഷകൾ നടത്തുന്നതിന് മാർഗനിർദ്ദേശമായി ; ഉന്നതവിദ്യാഭ്യാസ വകുപ്പ്

24

കോവിഡ് 19 നിലനിർക്കുന്ന സാഹചര്യത്തിൽ സർവകലാശാല പരീക്ഷകൾ നടത്തുന്നതിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മാർഗനിർദ്ദേശം പുറപ്പെടുവിച്ചു. കോവിഡ് വ്യാപനം തടയുന്നതിന് സർക്കാർ പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങളും സുരക്ഷാ ക്രമീകരണങ്ങളും പരീക്ഷാകേന്ദ്രങ്ങളിൽ ഉറപ്പാക്കണം. അടഞ്ഞു കിടക്കുന്ന ക്‌ളാസ് മുറികൾ പരീക്ഷയ്ക്ക് മുമ്പ് അണുവിമുക്തമാക്കണം. ഇതിന് ഫയർഫോഴ്‌സ്, തദ്ദേശസ്ഥാപനങ്ങൾ എന്നിവയുടെ സഹകരണം പരീക്ഷാകേന്ദ്രം പ്രവർത്തിക്കുന്ന സ്ഥാപന മേധാവി ഉറപ്പുവരുത്തണം.

ഓരോ പരീക്ഷയ്ക്ക് ശേഷവും ക്‌ളാസ് അണുവിമുക്തമാക്കണം. ഹോസ്റ്റലുകളിൽ കഴിയുന്ന വിദ്യാർത്ഥികൾക്ക് സർക്കാർ മാനദണ്ഡങ്ങളും സുരക്ഷയും പാലിച്ച് പരീക്ഷാദിവസങ്ങളിൽ താമസം ഒരുക്കണം. ഹോസ്റ്റലുകൾ ഇതിന് മുമ്പ് അണുവിമുക്തമാക്കണം. ഹോസ്റ്റലുകളിൽ വിദ്യാർത്ഥികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കണം.

പരീക്ഷാ കേന്ദ്രത്തിലേക്ക് ഒരു പ്രവേശന കവാടം മാത്രമേ പാടുള്ളൂ. പ്രവേശന കവാടത്തിൽ സോപ്പും വെള്ളവും ഉറപ്പാക്കണം. പരീക്ഷാർത്ഥികൾ, സ്‌ക്രൈബുകൾ, പരീക്ഷാ സ്‌ക്വാഡ് അംഗങ്ങൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരെയല്ലാതെ ആരേയും പരീക്ഷാ കേന്ദ്രത്തിൽ പ്രവേശിപ്പിക്കരുത്. എല്ലാവരും മാസ്‌ക്ക് ധരിക്കണം. പ്രവേശന കവാടത്തിൽ ശരീരോഷ്മാവ് പരിശോധിക്കണം. പരീക്ഷാ കേന്ദ്രങ്ങളുടെ പരിസരത്ത് കൂട്ടം കൂടാനോ ചുറ്റിത്തിരിയാനോ വിദ്യാർത്ഥികളെ അനുവദിക്കരുത്. സാമൂഹിക അകലം കർശനമായി പാലിക്കണം.

പരീക്ഷാമുറികളിൽ സാനിറ്റൈസർ കരുതണം. ഇൻവിജിലേറ്റർമാർ മാസ്‌ക്കും ഗ്‌ളൗസും ധരിക്കണം. പേന, പെൻസിൽ തുടങ്ങിയ വസ്തുക്കൾ കൈമാറ്റം ചെയ്യരുത്. വിദ്യാർത്ഥികൾ അറ്റൻഡൻസ് ഷീറ്റിൽ ഒപ്പു രേഖപ്പെടുത്തേണ്ടതില്ല. പരീക്ഷ കഴിഞ്ഞ് വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രം വിട്ടുപോകുന്നുവെന്ന് ഉറപ്പുവരുത്തണം.
പരീക്ഷ സുഗമമായി നടത്തുന്നതിന് സ്ഥാപന മേധാവി, വിദ്യാർത്ഥി പ്രതിനിധികൾ, അധ്യാപക അനധ്യാപക പ്രതിനിധികൾ, അധ്യാപക രക്ഷാകർതൃസമിതി പ്രതിനിധികൾ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, തദ്ദേശസ്വയംഭരണ വകുപ്പ് പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

NO COMMENTS