ഭക്ഷ്യ സ്വയംപര്യാപ്ത ലക്ഷ്യമാക്കി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ മത്സ്യ ഉത്പാദന രംഗത്ത് ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ വ്യത്യസ്തമായ പദ്ധതികള്‍ നടപ്പാക്കും. ഇതിന്റെ ഭാഗമായി ജൂലൈ 30 ന് ജില്ലയിലെ എല്ലാ പൊതുകുളങ്ങളിലും കാര്‍പ്പ് മത്സ്യ വിത്ത് നിക്ഷേപിക്കും. ജില്ലയിലെ പൊതുകുളങ്ങള്‍ ആകെ 253 ആണ്. പൊതുകുളങ്ങളുടെ ആകെ വിസ്തൃതി 10 ഹെക്ടര്‍ ആണ്. ജൂലൈ 31 ന് കയ്യൂര്‍-ചീമേനി പഞ്ചായത്തിലെ പുലിയന്നൂരില്‍ തേജസ്വിനി പുഴയിലും ബേഡടുക്ക പഞ്ചായത്തിലെ പയസ്വിനി പുഴയില്‍ പാണ്ടിക്കണ്ടത്തും 2.5 ലക്ഷം കാര്‍പ്പ് മത്സ്യ വിത്ത് വീതം നിക്ഷേപിക്കും.
ജില്ലയില്‍ മത്സ്യഉത്പാദന രംഗത്ത് 438 പദ്ധതികളാണ് നടപ്പിലാക്കുന്നത്. പടുത കുളങ്ങള്‍ (310 എണ്ണം), ബയോഫ്ലോക്ക് യൂണിറ്റുകള്‍ (140 എണ്ണം), നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ രണ്ടിടങ്ങളിലെ കരിമീന്‍ കൃഷി എന്നിവയാണ് പദ്ധതികള്‍.പടുത കുളങ്ങളുടെ ഗുണഭോക്താക്കള്‍ക്കുള്ള ഓണ്‍ലൈന്‍ പരിശീലനം ഇന്ന് (ജൂലൈ 24)ആരംഭിക്കും. തെരഞ്ഞെടുക്കപ്പെട്ട 10 ഗുണഭോക്താക്കള്‍ക്ക് കാഞ്ഞങ്ങാടു ഓണ്‍ലൈന്‍ പരിശീലനം നല്‍കും. ബാക്കിയുള്ളവര്‍ക്ക് ഫെയ്സ്ബുക്ക് പേജ് വഴിയാണ് പരിശീലനം. ജില്ലയില്‍ ബയോ ഫോക്ക് നൂതന പദ്ധതിയാണ്.ഇതിന്റെ ഡെമോ ഡി ഡി ഫിഷറീസ് കാര്യാലയത്തിന് മുന്നില്‍ സജ്ജീകരിച്ചിട്ടുണ്ട്. കര്‍ഷകര്‍ക്ക് ഇത് നേരില്‍ കണ്ട് വിലയിരുത്താമെന്ന് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ പി.വി.സതീശന്‍ അറിയിച്ചു.
ജില്ലയില്‍ സുഭിക്ഷ കേരളം പദ്ധതിയിലേക്ക് 2953.12 ഏക്കര്‍ ഭൂമി
ജില്ലയില്‍ സുഭിക്ഷ കേരളം പദ്ധതിയിലേക്ക് 2953.12 ഏക്കര്‍ ഭൂമി കണ്ടെത്തി കഴിഞ്ഞു.അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കണ്ടെത്തിയ ഭൂമിയുടെ വിശദാംശങ്ങള്‍ സുഭിക്ഷ കേരളം ആപ്പ് വഴിയാണ് അപ്ലോഡ് ചെയ്യുന്നത്.ജില്ലയില്‍ ബേഡടുക്ക പഞ്ചായത്താണ് ഏറ്റവും കൂടുതല്‍ ഭൂമി കണ്ടെത്തിയത്(316.516 ഏക്കര്‍ ഭൂമി).231 ഏക്കര്‍ ഭൂമി കണ്ടെത്തിയ കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്താണ് രണ്ടാംസ്ഥാനത്ത്.ഇതില്‍ 356.02 ഹെക്ടറില്‍ നെല്‍കൃഷി,335 ഹെക്ടറില്‍ കിഴങ്ങ് വര്‍ഗ്ഗ കൃഷി,41 ഹെക്ടറില്‍ പച്ചക്കറി,8 ഹെക്ടറില്‍ പയര്‍, 6 ഹെക്ടറില്‍ ചെറുധാന്യം,36 ഹെക്ടറില്‍ വാഴ കൃഷി എന്നിങ്ങനെയാണ് ഹെക്ടര്‍ തിരിച്ചുള്ള കൃഷി ചെയ്യുന്നതിന്റെ പ്രാഥമിക കണക്ക് .തരിശു ഭൂമിയിലെ പച്ചക്കറി കൃഷി ആഗസ്റ്റ് രണ്ടാംവാരത്തോടെ പൂര്‍ത്തീകരിക്കാന്‍ കഴിയും.
സുഭിക്ഷ കേരളം പദ്ധതിയുടെ ഡോക്യൂമേന്റേഷന്‍ തയ്യാറാക്കും
സുഭിക്ഷ കേരളം പദ്ധതിയുടെ സമ്പൂര്‍ണ്ണമായ ഡോക്യൂമേന്റെഷന്‍ കാസര്‍കോട് സി പി സി ആര്‍ ഐ യിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ഡോ സി തമ്പാന്റെ നേതൃത്വത്തില്‍ തയ്യാറാക്കും.ഇതിന്റെ പ്രാഥമിക രൂപം കളക്ടറേറ്റില്‍ ജില്ലാകളക്ടര്‍ ഡോ ഡി സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സുഭിക്ഷകേരളം യോഗത്തില്‍ അവതരിപ്പിച്ചു.മറ്റ് ജില്ലകളില്‍ നിന്നും വ്യത്യസ്തമായി പുതിയ മാതൃകകള്‍ സൃഷ്ടിച്ചുകൊണ്ടാണ് സുഭിക്ഷ കേരളം പദ്ധതി ജില്ലയില്‍ നടപ്പിലാക്കുന്നത്.പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ കാര്‍ഷിക രംഗത്തെ വിദഗ്ദരുടെ അഭിപ്രായവും തേടാറുണ്ട്.
കളക്ടറേറ്റില്‍ ചേര്‍ന്ന സുഭിക്ഷ കേരളം യോഗത്തില്‍ ജില്ലാകളക്ടര്‍ ഡോ ഡി സജിത് ബാബു അധ്യക്ഷത വഹിച്ചു. സുഭിക്ഷ കേരളം ജില്ലാ കണ്‍വീനര്‍ എം പി സുബ്രമണ്യന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.കാസര്‍കോട് വികസന പാക്കേജ് സ്പെഷ്യല്‍ ഓഫീസര്‍ ഇ പി രാജ്മോഹന്‍,ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടര്‍ പി വി സതീശന്‍, കൃഷി വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ (ഇ ആന്റ് ടി) ലക്ഷ്മി ദേവീ, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയരക്ടര്‍ ഡോ പി നാഗരാജ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദന്‍,ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയരക്ടര്‍ എസ് മഹേഷ് നാരായണന്‍,എഡിപി പി ധനേഷ്, പിഎയു പ്രോജക്ട് ഡയരക്ടര്‍ പ്രദീപന്‍,സി പി ആര്‍ ഐയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ഡോ സി തമ്പാന്‍,ഡി ഐ സി മാനേജര്‍ രേഖ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.