ആന്ധ്രയിലെ പ്രകാശം ജില്ലയിലാണ് ഭിന്നശേഷിയുള്ള 24 വയസുകാരിയായ ഉമ്മനേനി ഭുവനേശ്വരി എന്ന യുവതിയുടെ മൃതദേഹംകത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്
ഒങ്കോള്‍ പട്ടണത്തിന്‍റെ പ്രദേശത്തുള്ള ദസരാജുപള്ളി റോഡിലെ ഒരു കുളത്തിനടുത്താണ് ഉമ്മനേനി ഭുവനേശ്വരിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവം നടന്ന് 36 മണിക്കൂര്‍ പിന്നിട്ടിട്ടും കേസില്‍ ഒരു നിഗമനത്തിലെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. യുവതി സഞ്ചരിക്കുന്ന മുചക്ര വാഹനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്ത് നിന്നായി ലഭിച്ച ഹാന്‍ഡ്‌ബാഗില്‍ നിന്നും കണ്ടെത്തിയ ഏതാനും രേഖകളുടെ സഹായത്തോടെയാണ് പോലീസ് ആളെ തിരിച്ചറിഞ്ഞത്. ഓങ്കോളിലെ കമ്മപാലം പ്രദേശത്ത് താമസിക്കുന്ന ഉമ്മാനേണി ഒരു സാമൂഹിക പ്രവര്‍ത്തകയാണ്, ഒപ്പം നാരായണ സര്‍വകലാശാലയിലെ എംബിഎ വിദ്യാര്‍ഥി കൂടിയാണ്. ആത്മഹത്യയാണെന്ന് പോലീസ് ആദ്യം സംശയിച്ചു. എന്നാല്‍ മൃതദേഹത്തിന് സമീപത്ത് നിന്ന് മണ്ണെണ്ണയോ പെട്രോളോ ഒന്നും കണ്ടെത്താനായില്ല. അവളുടെ മൊബൈല്‍ ഫോണില്‍ നിന്ന് എല്ലാ കോണ്‍ടാക്റ്റുകളിലേക്കും അയച്ച ഒരു വാട്ട്‌സ്‌ആപ്പ് സന്ദേശം പൊലീസിന് ലഭിച്ചു. വാട്സാപ്പ് ആപ്ലിക്കേഷന്‍ ഇനി പ്രവര്‍ത്തിക്കില്ലെന്നും അതിനാല്‍ ആരും ബന്ധപ്പെടാന്‍ ശ്രമിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് അവസാന സന്ദേശം.
സംശയാസ്പദമായ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പോലീസ് കേസെടുത്തു. കൊലപാതക സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല. ഓങ്കോളിലെ ഒരു ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയെന്നും ഉമ്മാനേനിയുടെ ഫോണ്‍ കോള്‍ ഡാറ്റ വിശകലനം ചെയ്യുകയാണെന്നും സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശിവരാമകൃഷ്ണ റെഡ്ഡി പറഞ്ഞു.