തിരുവനന്തപുരം : ലോക കേരള സഭയുടെ രണ്ടാം സമ്മേളനത്തെ വരവേൽക്കുന്നത് പ്രശസ്ത നർത്തകിയും ചലച്ചിത്ര താരവുമായ ആശ ശരത്തും സംഘവും അവതരിപ്പിക്കുന്ന മുദ്രാഗാന നൃത്താവിഷ്കാരം. പ്രഭാവർമ്മ രചിച്ച് സംഗീത സംവിധായകൻ ശരത് ഈണം പകർന്ന സഹ്യസാഗരങ്ങളല്ല കേരളത്തിനതിരുകൾ എന്ന് ഗാനത്തിന്റെ ആവിഷ്കാര മാണ് ചിട്ട പ്പെടുത്തിയിരിക്കുന്നത്. വൈകിട്ട് ഏഴിന് സൂര്യ കൃഷ്ണമൂർത്തി ഒരുക്കുന്ന അഗ്നി മെഗാഷോയാണ് സമ്മേളനത്തിന്റെ ആദ്യ ദിനത്തിലെ മുഖ്യ ആകർഷണം. നൃത്ത ഗാന രംഗത്തെ പ്രതിഭകളായ ആശ ശരത്ത്, പാരീസ് ലക്ഷ്മി, വിധു പ്രതാപ്, ഷംന കാസിം തുടങ്ങിയവർ മെഗാ ഷോയിൽ അണിനിരക്കും.
നാളെ (ജനുവരി രണ്ട്) നിയമസഭാ അങ്കണത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ രാത്രി 7.30 മുതൽ പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞയും ബംഗ്ലാദേശ് സ്വദേശിനിയുമായ സാമിയ മഹ്ബൂബ് അഹമ്മദ് അവതരിപ്പിക്കുന്ന ഹിന്ദുസ്ഥാനി സംഗീത സന്ധ്യ അരങ്ങേറും.
രാത്രി 8.30 മുതൽ ഭാരത് ഭവൻ അവതരിപ്പിക്കുന്ന ഗ്ലോബൽ എക്സൈൽ ബാൻഡ് മൾട്ടി മീഡിയ മെഗാഷോ – പ്രവാസ സംഗീതിക നടക്കും. പ്രവാസി ജീവിതത്തിലൂടെ മലയാളി സ്വായത്തമാക്കിയ അന്തർദേശീയ സംഗീതങ്ങളുടെ ആലാപന ദൃശ്യയാത്രയാണ് ഈ മെഗാഷോയിലൂടെ ഒരുക്കുന്നത്. പ്രമുഖ നൈജീരിയൻ സംഗീതജ്ഞൻ ജോർജ്ജ് അക്ക്വറ്റി അബാൻ, ദക്ഷിണാഫ്രിക്കൻ ഗായിക അന്നാ ഖാന, അലീന അബാൻ, സി.ജെ. കുട്ടപ്പൻ, സൂഫി ഗായിക അനിതാ ഷേക്ക്, ജാസ്സി ഗിഫ്റ്റ്, മത്തായി സുനിൽ, തോമസ് പി. ഡി., നമിതാ ബാബു തുടങ്ങിയവർ അണിനിരക്കും.
ജനുവരി മൂന്ന് വരെ നിയമസഭാ കവാടത്തിൽ നവകേരള നിർമ്മിതിയിൽ പ്രവാസികളുടെ സാന്നിധ്യം മുൻനിർത്തി ഇൻസ്റ്റലേഷൻ ആന്റ് സൈനിംഗ് ഗ്ലോബ് സംഘടിപ്പിച്ചിട്ടുണ്ട്. അയ്യങ്കാളി, മ്യൂസിയം ഹാളുകളിൽ നടക്കുന്ന പ്രവാസ ഫോട്ടോ പ്രദർശനവും ചരിത്ര പ്രദർശനവും തുടരും.