തിരുവനന്തപുരം: ഇന്ന് അഷ്ടമിരോഹിണി. നാടെങ്ങും ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. സംസ്ഥാനത്തെ പ്രമുഖ ശ്രീകൃഷ്ണക്ഷേത്രങ്ങളിലെല്ലാം ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ക്ക് വിപുലമായ ഒരുക്കമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. വിവിധ ക്ഷേത്രസമിതികളുടെയും ഇതരസംഘടനകളുടെയും ആഭിമുഖ്യത്തില്‍ ശോഭായാത്രയും സംഘടിപ്പിക്കും.
ഗുരുവായൂര്‍ ക്ഷേത്രത്തിൽ അഷ്ടമി രോഹിണി ആഘോഷത്തിന്‍റെ ഭാഗമായ ഉറയടി ഘോഷയാത്രയും ബാലഗോകുലത്തിന്‍റെ മഹാശോഭായാത്രയും വൈകീട്ട് നടക്കും .ക്ഷേത്രത്തിൽ പ്രത്യേക പൂജകളും ചടങ്ങുകളും ഉണ്ടാകും. ഇരുപതിനായിരം പേര്‍ക്കുള്ള പിറന്നാൾ സദ്യയും ഒരുക്കിയിട്ടുണ്ട്. രാത്രി ഒന്നരവരെ ക്ഷേത്ര നട തുറന്നിരിക്കും . രാത്രി വിളക്ക് എഴുന്നള്ളിപ്പ് തുടങ്ങുന്നത് വരെ ഭക്തര്‍ക്ക് ദര്‍ശനം നടത്താം. ആഘോഷത്തിന്‍റെ പശ്ചാത്തലത്തിൽ ക്ഷേത്രത്തിൽ വൻസുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഒരു ലക്ഷം പേര്‍ സദ്യയില്‍ പങ്കെടുക്കാനെത്തുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. അമ്പലപ്പുഴ, രവിപുരം, തമ്പലക്കാട്, തൃച്ചംബരം, തിരുവമ്പാടി, തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം ചിന്ത്രമംഗലം, ഏവൂര്‍, തിരുവച്ചിറ, കുറുമ്പിലാവ്, താഴത്തെ മാമ്പുള്ളി, കൊടുന്തറ, ഉഡുപ്പി തുടങ്ങിയ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും നടക്കും. തലസ്ഥാനത്ത് നെയ്യാറ്റിന്‍കര, മലയിന്‍കീഴ്, പിരപ്പന്‍കോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രങ്ങളിലാണ് പ്രധാനചടങ്ങുകള്‍ നടക്കുക. ഗതാഗതക്കുരുക്കുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പലയിടങ്ങളിലും പൊലീസ് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അഷ്ടമിരോഹിണി ദിവസം അര്‍ധരാത്രി കഴിയുന്നതുവരെ ഉറങ്ങാതെ കൃഷ്ണഭജനം ചെയ്തിരുന്നാല്‍ അനുഗ്രഹം ഉണ്ടാകുമെന്നാണ് വിശ്വാസം. ബാലന്മാര്‍ ഉണ്ണിക്കണ്ണന്‍െറ വേഷപ്പകര്‍ച്ചയുമായാണ് ശോഭായാത്രയില്‍ പങ്കെടുക്കുന്നത്.
കണ്ണൂർ ജില്ലയിലെ പത്തിടങ്ങളിൽ പൊലീസിന്‍റെ ജാഗ്രതാ നിർദേശമുണ്ട്. ചട്ടമ്പിസ്വാമി ദിനാഘോഷത്തിന് സിപിഐഎമ്മും , ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്കായി ആർഎസ്എസും തയ്യാറെടുക്കുന്ന പശ്ചാത്തലത്തിലാണിത്.