ഏഷ്യന്‍ ചാമ്പ്യന്‍സ് ഹോക്കി : ഇന്ത്യയ്ക്ക് സമനില

249

കൗണ്ടന്‍ (മലേഷ്യ)• ഏഷ്യന്‍ ചാംപ്യന്‍സ് ഹോക്കിയിലെ ആദ്യ മല്‍സരത്തില്‍ ജപ്പാനെതിരെ 10-2ന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയ ഇന്ത്യയ്ക്ക് രണ്ടാം മല്‍സരത്തില്‍ കൊറിയയുടെ സമനിലക്കുരുക്ക്. ആറാം സ്ഥാനത്തുള്ള ഇന്ത്യയെക്കാള്‍ ലോകറാങ്കിങ്ങില്‍ അഞ്ചു സ്ഥാനം പിന്നിലുള്ള കൊറിയ കളിയിലുടനീളം അതിവേഗ ഹോക്കിയിലൂടെ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കി.
ഡ്രിബ്ള്‍ ചെയ്തു മുന്നേറാന്‍ സ്ഥലവും സമയവും കണ്ടെത്തിയ കൊറിയക്കാര്‍ ഇന്ത്യയുടെ സ്കോറിങ് സോണില്‍ പലതവണ കടന്നു. ആദ്യ ക്വാര്‍ട്ടറില്‍ പിന്നില്‍പ്പോയ ഇന്ത്യയ്ക്കുവേണ്ടി ക്യാപ്റ്റന്‍ പി.ആര്‍.ശ്രീജേഷ് പോസ്റ്റില്‍ നടത്തിയ ഉജ്വല സേവുകളാണ് മാനം കാത്തത്. സ്വന്തം പകുതിയിലെ പാസിങ്ങില്‍ ഇന്ത്യ വരുത്തിയ പിഴവില്‍ നിന്നായിരുന്നു കൊറിയയുടെ ലീഡ് ഗോള്‍. 11-ാം മിനിറ്റില്‍ ജിയോങ് ജുണ്‍ വൂവിന്റെ സ്റ്റിക്കില്‍ നിന്നു പാഞ്ഞ വെടിയുണ്ട ഇന്ത്യന്‍ മോഹങ്ങളുടെ നെഞ്ചില്‍ത്തറച്ചു. മറുപടിക്ക് ഇന്ത്യയ്ക്കു 33-ാം മിനിറ്റു വരെ കാത്തിരിക്കേണ്ടി വന്നു. ലളിത് ഉപാധ്യായ റിവേഴ്സ് ഡ്രൈവിലൂടെ ഇന്ത്യയെ ഒപ്പമെത്തിച്ചു. രണ്ടു മല്‍സരങ്ങളില്‍ നിന്ന് ഇന്ത്യയ്ക്കു നാലു പോയിന്റായി. ഇന്ന് ടൂര്‍ണമെന്റിലെ ഏറ്റവും ശ്രദ്ധേയ പോരാട്ടത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ മല്‍സരിക്കും. രണ്ടു മല്‍സരത്തില്‍ കൊറിയയുടെ ആദ്യ പോയിന്റാണിത്. കഴിഞ്ഞ ദിവസം പാക്കിസ്ഥാനെതിരെ അവസാന മിനിറ്റ് ഗോളില്‍ അവര്‍ പരാജയപ്പെട്ടിരുന്നു.

NO COMMENTS

LEAVE A REPLY