കൗണ്ടന്‍ (മലേഷ്യ) • ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കി കിരീടം ഇന്ത്യയ്ക്ക്. ഫൈനലില്‍ നിലവിലെ ചാംപ്യന്മാരായ പാക്കിസ്ഥാനെ 3-2 ന് തോല്‍പ്പിച്ചായിരുന്നു ഇന്ത്യന്‍ ജയം. ഇന്ത്യയുടെ രണ്ടാം ചാംപ്യന്‍സ് ട്രോഫി ഹോക്കി കിരീടമാണ്. രുപീന്ദര്‍ പാല് സിങ്, അഫാന് യൂസഫ്, നിക്കിന് തിമ്മയ്യ എന്നിവര്‍ ഇന്ത്യയ്ക്കായി ഗോള്‍ നേടി. സെമിയില്‍ ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തിയ ആത്മവീര്യത്തോടെയാണ് ഇന്ത്യന്‍ താരങ്ങള്‍ പാക്കിസ്ഥാനെതിരെ ഫൈനലില്‍ കളിക്കാനിറങ്ങിയത്. ആദ്യ ക്വാര്‍ട്ടറില്‍ ഇരു ടീമുകള്‍ക്കും ഗോളൊന്നും നേടാനായില്ല. എന്നാല്‍ രണ്ടാം ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ മുന്നേറ്റമാണ് കണ്ടത്. 18-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ രുപീന്ദര്‍ പാല് സിങ്ങിലൂടെയായിരുന്നു ഇന്ത്യയുടെ ആദ്യ ഗോള്‍.23-ാം മിനിറ്റില്‍ അഫാന് യൂസഫ് രണ്ടാമത്തെ ഗോള്‍ നേടി. ഇതോടെ ആദ്യപകുതിയില്‍ ഇന്ത്യ 2-0ന് മുന്നിലെത്തി. എന്നാല്‍ രണ്ടാം പകുതി പാക്കിസ്ഥാന് അനുകൂലമായിരുന്നു. പെനാല്‍റ്റി കോര്‍ണറിലൂടെയായിരുന്നു പാക്കിസ്ഥാന്റെ ആദ്യ ഗോള്‍. 26-ാം മിനിറ്റില്‍ അലീം ബിലാല്‍ ആദ്യഗോള്‍ നേടി. തൊട്ടുപിന്നാലെ 38-ാം മിനിറ്റില്‍ അലി ഷാന്‍ രണ്ടാം ഗോള്‍ നേടിയതിലൂടെ ഇരുരാജ്യങ്ങളും സമനിലയിലെത്തി.
കുറച്ചു സമയത്തേക്ക് ഇന്ത്യയെ പാക്കിസ്ഥാന് സമ്മര്‍ദ്ദത്തിലാഴ്ത്തിയെങ്കിലും ഇന്ത്യന്‍ താരങ്ങള്‍ മികച്ച കളി പുറത്തെടുത്തു. പാക്കിസ്ഥാന്റെ ശക്തമായ പ്രതിരോധ നിരയെ തകര്‍ത്ത് നിക്കിന് തിമ്മയ്യ ഇന്ത്യയ്ക്കായി വിജയഗോള്‍ നേടി. 51-ാം മിനിറ്റിലായിരുന്നു നിക്കിന്റെ ഗോള്‍നേട്ടം. കളി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെ പാക്കിസ്ഥാന് പലതവണ ഗോള്മുഖമെത്തിയെങ്കിലും ഫലം കണ്ടില്ല. ഇന്ത്യന്‍ കളിക്കാര്‍ തീര്‍ത്ത പ്രതിരോധത്തില്‍ പാക്ക് കളിക്കാര്‍ക്ക് നിരാശരാകേണ്ടി വന്നു. ഒടുവില്‍ പാക്കിസ്ഥാനെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ഇന്ത്യന്‍ കളിക്കാര്‍ വിജയത്തില്‍ ആറാടി.
ഫൈനലില്‍ പി.ആര്.ശ്രീജേഷില്ലാതെയാണ് ഇന്ത്യന്‍ ടീം കളിക്കാനിറങ്ങിയത്. സെമിയില്‍ ദക്ഷിണ കൊറിയയ്ക്കെതിരായ മല്‍സരത്തില്‍ പരുക്കേറ്റതിനെത്തുടര്‍ന്നാണ് ശ്രീജേഷ് ഫൈനലില്‍നിന്നും വിട്ടുനിന്നത്. പെനല്‍റ്റി ഷൂട്ടൗട്ടില്‍ കൊറിയയുടെ അവസാന ശ്രമം ശ്രീജേഷ് പരാജയപ്പെടുത്തിയതോടെയാണ് ഇന്ത്യയ്ക്ക് ഫൈനലില്‍ കടക്കാനായത്.