അബുദാബി: ഏഷ്യന്‍ കപ്പ് ഫുട്ബോളിലെ നിര്‍ണായക മത്സരത്തില്‍ ബെഹറിനോടു ഒരു ഗോളിനു തോറ്റ് ഇന്ത്യ ആദ്യ റൗണ്ടില്‍ പുറത്തായി. ഇന്‍ജുറി ടൈമില്‍ പിറന്ന പെനാല്‍റ്റി ഗോളാണ് ഇന്ത്യയുടെ പ്രീക്വാര്‍ട്ടര്‍ സ്വപ്നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തിയത്. ജമാല്‍ റഷീദാണ് ബെഹറിന്റെ വിജയഗോള്‍ നേടിയത്.ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ ബെഹറിനെതിരെ ഇറങ്ങുമ്ബോള്‍ സമനില പോലും ഇന്ത്യന്‍ മുന്നേറ്റത്തിന് കുതിപ്പേകുമായിരുന്നു.
എന്നാല്‍ നിറംമങ്ങിയ ഇന്ത്യയെയാണ് മത്സരത്തില്‍ കണ്ടത്. ബെഹറിന്റെ പോസ്റ്റിലേക്ക് ഒരു ഷോട്ട് പോലും തൊടുക്കാന്‍ ഇന്ത്യക്ക് സാധിച്ചില്ല. എങ്കിലും ആക്രമണത്തിലും പന്തടക്കത്തിലും മികച്ചുനിന്ന ബെഹറിനെ പ്രതിരോധക്കരുത്തില്‍ മത്സരത്തിന്റെ നിശ്ചിത സമയംവരെ പൂട്ടിയിടാന്‍ ഇന്ത്യക്ക് സാധിച്ചു. മത്സരം ഗോള്‍രഹിത സമനിലയിലേക്ക് നീങ്ങുമെന്ന് നിനച്ചിരിക്കേ പിറന്ന ഗോളാണ് ഇന്ത്യയുടെ അന്ത്യം കുറിച്ചത്.
ക്യാപ്റ്റന്റെ ആംബാന്‍ഡ് അണിഞ്ഞ പ്രണോയ് ഹാള്‍ദര്‍ വരുത്തിയ പിഴവാണ് നാല്റ്റിയിലേക്ക് വിരല്‍ ചൂണ്ടിയത്. ബെഹറിന് താരത്തെ ബോക്സിനുള്ളില്‍ വീഴ്ത്തിയതിനായിരുന്നു ശിക്ഷ. ഷോട്ട് എടുത്ത ജമാല്‍ റഷീദിന് പിഴച്ചില്ല. പന്ത് ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്ധുവിനെ മറികടന്നു വലയില്‍.