തിരുവനന്തപുരം • സ്വാശ്രയപ്രശ്നത്തെച്ചൊല്ലി നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. സഭ തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചു. പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്.സ്വാശ്രയപ്രശ്നത്തില്‍ സ്പീക്കര്‍ ചര്‍ച്ച നടത്തണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ചോദ്യോത്തരവേള നിര്‍ത്തിവച്ച് ചര്‍ച്ചവേണം. എംഎല്‍എമാരുടെ സമരം തീര്‍പ്പാക്കാന്‍ സ്പീക്കര്‍ ഇടപെടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. അതിനിടെ, സ്വാശ്രയവിഷയത്തില്‍ സമരം ശക്തമാക്കാന്‍ യുഡിഎഫ് തീരുമാനിച്ചു. യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തിലാണ് തീരുമാനം.അതേസമയം, നിരാഹാര സമരം നടത്തുന്ന എംഎല്‍എമാരായ ഹൈബി ഇൗഡന്‍, ഷാഫി പറമ്ബില്‍ എന്നിവരുടെ ആരോഗ്യനില മോശമായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റുന്ന കാര്യം പരിഗണിക്കുന്നു. ഇപ്പോള്‍ നിരാഹാരം നടത്തുന്നവരെ ആശുപത്രിയിലേക്ക് മാറ്റിയാലും സമരം തുടരാനാണ് നേതൃത്വത്തിന്‍റെ തീരുമാനം. പകരം റോജി എം.ജോണ്‍, വി.ടി.ബല്‍റാം, കെ.എസ്.ശബരീനാഥന്‍ എന്നിവര്‍ നിരാഹാരം തുടങ്ങിയേക്കും.