സ്വാശ്രയപ്രശ്നത്തില്‍ പ്രതിപക്ഷവുമായി സ്പീക്കര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു

196

തിരുവനന്തപുരം • സ്വാശ്രയപ്രശ്നത്തില്‍ പ്രതിപക്ഷവുമായി സ്പീക്കര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. രണ്ടു ദിവസത്തെ ഇടവേളയ്ക്കുശേഷം ഇന്നു നിയമസഭ ചേര്‍ന്നപ്പോള്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമായിരുന്നു. ഇന്നത്തെ സഭാനടപടികള്‍ പ്രതിപക്ഷം ബഹിഷ്കരിച്ചു. ചോദ്യോത്തരവേളയോടെ സഭ തുടങ്ങിയെങ്കിലും പ്രതിപക്ഷം ബഹളമുയര്‍ത്തി പ്രതിഷേധിച്ചു. ചോദ്യോത്തരവേള റദ്ദാക്കി പ്രശ്നത്തില്‍ സ്പീക്കര്‍ ചര്‍ച്ച നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇതു സ്പീക്കര്‍ നിരാകരിച്ചതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ബഹളം തുടര്‍ന്നതോടെ ചോദ്യോത്തരവേള നിര്‍ത്തിവച്ചു.
ഇതിനുശേഷം സ്പീക്കറുടെ അധ്യക്ഷതയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി എന്നിവരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി എ.കെ.ബാലന്‍, വി.എസ്.അച്യുതാനന്ദന്‍ എന്നിവര്‍ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു.
സഭാ നടപടികള്‍ തടസ്സപ്പെടുത്തുന്നതിനോട് യോജിപ്പില്ലെന്നും എംഎല്‍എമാര്‍ നിരാഹാരമിരിക്കുന്നതിനാലാണ് സഭ ബഹിഷ്കരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറ‍ഞ്ഞു.സ്വാശ്രയപ്രശ്നം അവസാനിപ്പിക്കാനുള്ള നിലപാടല്ല പ്രതിപക്ഷത്തിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരിയാരത്തെ 30 കുട്ടികളുടെ പേരിലാണ് ഇപ്പോഴത്തെ സമരം. സര്‍ക്കാര്‍ പരിയാരം ഏറ്റെടുക്കുന്നതോടെ ഫീസ് കുറയും. സ്പീക്കറുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയ്ക്കുശേഷം നിയമസഭയില്‍ പ്രസ്താവന നടത്തുകയായിരുന്നു മുഖ്യമന്ത്രി. തലവരിപ്പണത്തെക്കുറിച്ച്‌ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതില്‍ സര്‍ക്കാരിന് തടസ്സമില്ല. ക്രമക്കേട് കാട്ടിയ മാനേജ്മെന്റുകള്‍ക്കെതിരെ നേരത്തെ നടപടി ഉണ്ടായിട്ടില്ല. എന്നാല്‍ മാനേജ്മെന്റുകള്‍ക്ക് ഈ സര്‍ക്കാര്‍ കൃത്യമായ ലക്ഷ്ണണരേഖ വരച്ചിട്ടുണ്ട്. സര്‍ക്കാരിന് പിടിവാശിയുള്ളത് വിദ്യാര്‍ഥികളുടെ ഭാവിയുടെ കാര്യത്തില്‍ മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

NO COMMENTS

LEAVE A REPLY