തിരുവനന്തപുരം : സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ കനകക്കുന്നിൽ നടക്കുന്ന വസന്തോത്സവം പുഷ്പമേളയിൽ നിയമസഭാ സെക്രട്ടറിയേറ്റ് ഗാർഡൻ വിഭാഗം ഒരുക്കിയ ഉദ്യാനത്തിന് ആരാധകരേറെയാണ്. പുഷ്പങ്ങളുടെയും ഇലച്ചെടികളുടെയും വർണവസന്തമാണ് ഇവിടെയെത്തുന്ന കാഴ്ചക്കാരെ കാത്തിരിക്കുന്നത്.
അപൂർവ ഇനത്തിൽപ്പെട്ട ഇലച്ചെടികളും പുഷ്പങ്ങളും വസന്തോത്സവത്തിന് അഴകേകാൻ ഇവിടെ ക്രമീകരിച്ചിരിക്കുന്നു. ചെമ്പരത്തി, സീനിയ, ഫലോഷ്യ, ഇനത്തിൽപെട്ടവയും ഡെഫിൻ ബെകിയ എന്ന ഇലച്ചെടിയും വ്യത്യസ്താങ്ങളായ റോസാ പൂക്കളും നിയമസഭാ ഗാർഡന്റെ പ്രദർശനത്തിൽ തളിർത്തുനിൽക്കുന്നു.
നിയമസഭാ സെക്രട്ടറിയേറ്റ് ഗാർഡൻ വിഭാഗത്തിലെ കൃഷി ഓഫിസറായ ഷെല്ലിയുടെ നേതൃത്വത്തിലുള്ള മുപ്പതോളം ജീവനക്കാർക്കാണ് ഉദ്യാനത്തിന്റെ പരിപാലന ചുമതല.