വസന്തോത്സവത്തോടനുബന്ധിച്ചു കനകക്കുന്നിൽ നടക്കുന്ന ഗോത്രചികിത്സാ ക്യാമ്പിൽ തിരക്കേറുന്നു. കിർത്താഡ്‌സിന്റെ നേതൃത്വത്തിൽ നടത്തുന്ന ക്യാമ്പിൽ നാല് പാരമ്പര്യ വൈദ്യന്മാരാണ് ചികിത്സാ വിധികളുമായെത്തിയിരിക്കുന്നത്.
ആധുനികകാലത്തു കാണുന്ന പല മാറാരോഗങ്ങളെയും ഗോത്ര ചികിത്സാ രീതി വഴി ഫലപ്രദമായി തടയാനാകുമെന്ന് വൈദ്യന്മാർ പറയുന്നു. ജീവിതശൈലീ രോഗങ്ങളായ പ്രമേഹം, കൊളസ്‌ട്രോൾ തുടങ്ങിയവയ്ക്കും കഫക്കെട്ട്, ജലദോഷം തുടങ്ങിവയ്ക്കും ഫലപ്രദമായ മരുന്നുകളുണ്ട്.
പരമ്പരാഗത രീതിയിൽ തയാറാക്കിയ മരുന്നുകളുടെ പ്രദർശനവും വിൽപ്പനയും ക്യാമ്പിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കാട്ടിൽപോയി മരുന്നിന് ആവശ്യമായ പച്ചിലകളും വേരുകളും ശേഖരിച്ചാണ് ഇവർ ഔഷധക്കൂട്ടുകൾ തയാറാക്കുന്നത്. പാർശ്വഫലങ്ങളൊന്നുമുണ്ടാക്കില്ലെന്നതും ഇത്തരം മരുന്നുകളുടെ പ്രത്യേകത. രോഗമുണ്ടായാൽ പ്രതിവിധി പ്രകൃതിയിൽത്തന്നെയുണ്ടെന്ന് ഓർമിപ്പിക്കുകയാണ് ഇക്കൂട്ടർ.