തിരുവനന്തപുരം :ഹരിതകേരളം മിഷൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സംസ്ഥാനത്തു തീർത്ത ആയിരത്തിലേറെ പച്ചത്തുരുത്തുകളുടെ പൂർത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ15ന് രാവിലെ 10 മണിക്ക് ഓൺലൈനായി നിർവഹിക്കും. പച്ചത്തുരുത്ത് പദ്ധതിയുടെ അവലോകന റിപ്പോർട്ടും മുഖ്യമന്ത്രി പ്രകാശനം ചെയ്യും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീൻ അധ്യക്ഷത വഹിക്കും.
അതിജീവനത്തിന് ജൈവവൈവിധ്യത്തിന്റെ ആയിരം പച്ചത്തുരുത്തുകൾ ലക്ഷ്യമിട്ടു തുടങ്ങിയ സംരംഭം ലക്ഷ്യം കടന്ന് ഇതുവരെ 1261 പച്ചത്തുരുത്തുകൾ പൂർത്തിയാക്കിയതായി ഹരിതകേരളം മിഷൻ എക്സിക്യുട്ടീവ് വൈസ് ചെയർപേഴ്സൺ ഡോ.ടി.എൻ.സീമ അറിയിച്ചു. പ്രഖ്യാപന ചടങ്ങിനെത്തുടർന്ന് 1261-ാ മതായി പൂർത്തിയാക്കിയ നെടുമങ്ങാട് ബ്ലോക്കിലെ പച്ചത്തുരുത്തിൽ സി. ദിവാകരൻ എം.എൽ.എ വൃക്ഷത്തൈ നടും.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി അഡ്വ.പി.വിശ്വംഭരപ്പണിക്കർ, നെടുമങ്ങാട് മുനിസിപ്പൽ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് മിഷൻ ഡയറക്ടർ ഡോ.ദിവ്യ.എസ്.അയ്യർ, ഐ.ടി.മിഷൻ ഡയറക്ടർ ചിത്ര എസ്., അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഇ. പ്രദീപ് കുമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് പച്ചത്തുരുത്തുകൾ സ്ഥാപിച്ച വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ നടക്കുന്ന ചടങ്ങിൽ അനുമോദന പത്രം നൽകും.
പൊതു സ്ഥലങ്ങളുൾപ്പെടെ തരിശ് സ്ഥലങ്ങൾ കണ്ടെത്തി തനതായ വൃക്ഷങ്ങളും തദ്ദേശീയമായ സസ്യങ്ങളും ഉൾപ്പെടുത്തി സ്വാഭാവിക ജൈവവൈവിധ്യ തുരുത്തുകൾ സൃഷ്ടിച്ചെടുക്കാനാണ് പച്ചത്തുരുത്ത് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി പച്ചത്തുരുത്തുകളുടെ മൂന്നു വർഷത്തെ തുടർ പരിചരണവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉറപ്പുവരുത്തിയിട്ടുണ്ട്.
സംസ്ഥാന ഐ.ടി.മിഷന്റെ സഹായത്തോടെ ഉപഗ്രഹ മാപ്പിംഗ് സംവിധാന മുപയോഗിച്ച് ഓരോ പച്ചത്തുരുത്തിന്റെയും സ്ഥാനം, വിസ്തൃതി, തൈകൾ എന്നിവയുൾപ്പെടെയുള്ള വിവരങ്ങൾ അടയാളപ്പെടുത്തുന്ന മാപ്പത്തോൺ പ്രവർത്തനങ്ങളും നടന്നുവരികയാണ്. 590 പഞ്ചായത്തുകളിലായി 454 ഏക്കർ വിസ്തൃതിയിലാണ് 1261 പച്ചത്തുരുത്തുകൾ ഉള്ളത്.