തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിരപ്പിള്ളി പദ്ധതി 163 മെഗാവാട്ടിന്റെ പദ്ധതിയാണെന്നും പദ്ധതി നടപ്പാക്കുമന്നും മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കി.
ചോദ്യോത്തര വേളയില്‍ വൈദ്യുതി മന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരുന്നില്ല. എന്നാല്‍ നിയമസഭയില്‍ രേഖാമൂലം മുഖ്യമന്ത്രി നല്‍കിയ മറുപടിയിലാണ് പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. പദ്ധതിക്ക് ആവശ്യമായ സ്ഥലം ഏറ്റെടുപ്പിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും പിണറായി മറുപടിയില്‍ വ്യക്തമാക്കി. എല്‍ഡിഎഫ് സര്‍ക്കാര് അധികാരത്തില്‍ വന്നതിന് തൊട്ടുപിന്നാലെ അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്‍ അതിരപ്പള്ളി പദ്ധതിയുമായി മുന്നോട്ട് പോകും എന്ന് പ്രഖ്യാപിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു. പരിസ്ഥിതി സ്‌നേഹികളും ഘടക കക്ഷിയായ സിപിഐയും ഈ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി രംഗത്തുവന്നു. സിപിഐയും മുഖ്യമന്ത്രിയും പരസ്യമായ വാക്‌പോരിലെത്തി. ഇതോടെ നിലപാട് മയപ്പെടുത്തിയ സര്‍ക്കാര്‍ സമവായത്തോടെ മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കി. എന്നാല്‍ മുഖ്യമന്ത്രി ഇന്ന് നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ഉറപ്പിച്ച് പറഞ്ഞിരിക്കുകയാണ്. പദ്ധതിയുടെ പ്രാരംഭ ഘട്ടങ്ങള്‍ ആരംഭിച്ചെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.