കണമല(എരുമേലി): തുലാപ്പള്ളി പൊട്ടന്‍പറമ്പില്‍ സജി – സിന്ധു ദംബതികളുടെ മകളാണ് സ്വര്‍ണ മെഡല്‍ നേടി പമ്ബാവാലിയുടെ അഭിമാനമായ കായികതാരം അതുല്യ സജി (17). തിരുവനന്തപുരം ജിവി രാജ സ്കൂള്‍ വിദ്യാര്‍ഥിനിയായ അതുല്യ 20 ദിവസം മുൻമ്പ് പനി ബാധിച്ചു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി വ്യാഴാഴ്ച അതുല്യയെ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കു മാറ്റി. ചികിത്സയ്ക്ക് 25 ലക്ഷം രൂപ വേണം. സുമനസുകള്‍ കനിഞ്ഞാല്‍ ജീവിതത്തിന്റെ ട്രാക്കിലേക്ക് ഇനിയും അതുല്യ ഓടിക്കയറുമെന്നു ഡോക്ടര്‍മാര്‍.
ശ്വാസകോശക്കുഴല്‍ ചുരുങ്ങുന്ന അസുഖമാണ് അതുല്യയെ വലയ്ക്കുന്നത്. ഇതുമൂലം സ്വയം ശ്വസിക്കാന്‍ സാധിക്കുന്നില്ല. വെന്റിലേറ്റര്‍ സംവിധാനങ്ങളുടെ സഹായത്തോടെയാണു ജീവന് നിലനിര്‍ത്തുന്നത്. വെന്റിലേറ്റര്‍ സൗകര്യമുള്ള ആംബുലന്‍സിലാണ് ഇന്നലെ അതുല്യയെ തിരുവനന്തപുരത്ത് എത്തിച്ചത്.
ബേക്കറി ജീവനക്കാരനായ സജിയുടെ ചെറിയ വരുമാനംകൊണ്ടാണു കുടുംബം കഴിഞ്ഞു പോകുന്നത്. ഇതിനിടയിലാണ് അതുല്യയുടെ ചികിത്സച്ചെലവു കൂടി വരുന്നത്. തലച്ചോറിലെ അണുബാധ വലച്ചിരുന്ന അതുല്യ അതിനോടു പൊരുതിയാണു കായികമേളകളില്‍ വീണ്ടും ശ്രദ്ധാകേന്ദ്രമായത്. കഴിഞ്ഞ സംസ്ഥാന സ്കൂള്‍ കായികമേളയില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണ മെഡല്‍ നേടിയിരുന്നു.
ശ്വാസകോശ സംബന്ധമായ അസുഖത്തിനു വിദഗ്ധ ചികിത്സയ്ക്കായാണു കോട്ടയം മെഡിക്കല്‍ കോളജില്‍നിന്നു തിരുവനന്തപുരത്തേക്കു കൊണ്ടുപോയത്. 25 ലക്ഷം രൂപയാണ് ഈ ചികിത്സയ്ക്കായി വേണ്ടി വരുന്നത്. അടിയന്തര സഹായമായി സംസ്ഥാന സര്‍ക്കാര്‍ മൂന്നു ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കായിക വികസന നിധിയില്‍നിന്നാണു തുക അനുവദിക്കുന്നതെന്നു മന്ത്രി ഇ.പി. ജയരാജന് അറിയിച്ചു. തിരുവനന്തപുരം കിംസ് ആശുപത്രിയുമായി ബന്ധപ്പെട്ടു തുടര്‍ചികിത്സ ഉറപ്പു വരുത്തിയെന്നും മന്ത്രി അറിയിച്ചു.
മാതൃവിദ്യാലയമായ കണമല സാന്തോം സ്കൂള്‍ പൂര്‍വിദ്യാര്‍ഥി അധ്യാപക സംഘടനയായ സാന്റ് മേറ്റ്സിന്റെ നേതൃത്വത്തില്‍ ചികിത്സയ്ക്ക് അഞ്ചു ദിവസംകൊണ്ട് പണം സ്വരൂപിക്കാനുള്ള പദ്ധതി ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന, ദേശീയ കായിക മേളകളില്‍ മിന്നും താരമായി ഉയര്‍ന്നുവന്ന കായികതാരം വേഗം ജീവിതത്തിലേക്കു തിരിച്ചെത്തണമെന്ന പ്രാര്‍ഥനയിലാണ് നാട്.