ദുബായ്: യു.എ.ഇയിൽ തടവിൽ കഴിഞ്ഞിരുന്ന പ്രശസ്‌ത മലയാളി വ്യവസായി അറ്റ്‌ലസ് രാമചന്ദ്രൻ ജയിൽ മോചിതനായെന്ന് റിപ്പോർട്ട്. ബാങ്കുകളിൽ നിന്നെടുത്ത വായ്‌പ തിരിച്ചടയ്‌ക്കാൻ കഴിയാത്തതിന്റെ പേരിൽ ആയിരുന്നു അറ്റ്ലസ് രാമചന്ദ്രൻ യു എ ഇ യിൽ തടവിലായത്. ബാങ്കുകളുമായും സർക്കാരുമായും നടത്തിയ ചർച്ചകളെ തുടർന്നാണ് രാമചന്ദ്രന്റെ ജയിൽ മോചനം സാധ്യമായതെന്ന് ഒരു ഓൺലൈൻ മാധ്യമം ആണ് റിപ്പോർട്ട് ചെയ്യുന്നത്. യു.എ.ഇയിലെ ബർദുബായിലെ തന്റെ വസതിയിലുള്ള അദ്ദേഹം തന്റെ ചില ആസ്‌തികൾ വിറ്റ് കടബാധ്യതകൾ തീർക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും റിപ്പോർട്ടുണ്ടെങ്കിലും അറ്റ്‌ലസ് ഗ്രൂപ്പ് ഈ വാർത്ത സ്ഥിരീകരിച്ചിട്ടില്ല. 2015 ഓഗസ്റ്റ് 23 നാണ് അറ്റ്‌ലസ് രാമചന്ദ്രൻ അറസ്റ്റിലായത്. 15 ബാങ്കുകളുടെയും അധികൃതർയോഗംചേർന്ന്, യു.എ.ഇ സെൻട്രൽ ബാങ്കിനെ സമീപിക്കുകയും പൊലീസിൽ പരാതിപ്പെടുകയും ചെയ്‌തതിനെ തുടർന്നായിരുന്നു നടപടി.
2015 ഡിസംബർ 11ന് ദുബായ് കോടതി രാമചന്ദ്രന് മൂന്ന് വർഷം തടവ് ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. ദുബായിലെ വീട്ടിൽ സാമ്പത്തിക പരാധീനതകളോടെ കഴിയുന്ന രാമചന്ദ്രന്റെ ഭാര്യ ഇന്ദിരാ രാമചന്ദ്രന്റെ അവസ്ഥ യു.എ.ഇയിലെ ഒരു പ്രശസ്‌ത മാദ്ധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. പിന്നീടാണ് രാമചന്ദ്രനെ പുറത്തിറക്കാനുള്ള നടപടികൾ ആരംഭിച്ചതെന്നാണ് സൂചന.