അറ്റ്ലസ് രാമചന്ദ്രൻ അന്തരിച്ചു

38

ദുബായ്: പ്രമുഖ വ്യവസായിയും അറ്റ്ലസ് ഗ്രൂപ്പ് ചെയര്‍മാനുമായ എം എം രാമചന്ദ്രന്‍(അറ്റ്ലസ് രാമചന്ദ്രന്‍) അന്തരിച്ചു.ദുബായ് ആസ്റ്റര്‍ മന്‍ഖൂള്‍ ഹോസ്പിറ്റലിലായിരുന്നു അന്ത്യം.

ഏറെനാളായി വാര്‍ധക്യസഹജമായ അസുഖങ്ങള്‍ മൂലം അദ്ദേഹം ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രിയാണ് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു അദ്ദേഹം. ‘അറ്റ്ലസ് ജനകോടികളുടെ വിശ്വസ്ത സ്ഥാപനം’ എന്ന പരസ്യവാചകമാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്.

1942 ജൂലൈ 31ന്​ തൃശൂരില്‍ വി കമലാകര മേനോ​ന്‍റെയും എം എം രുഗ്​മിണി അമ്മയുടെയും മകനായാണ്​ എം എം രാമചന്ദ്രന്റെ ജനനം. ഗള്‍ഫ് രാജ്യങ്ങളില്‍ അമ്ബതോളം ശാഖകളുള്ള അറ്റ്ലസ് ഗ്രൂപ്പ് ഓഫ് കമ്ബനീസിന്റെ ചെയര്‍മാനായ രാമചന്ദ്രന്‍ മലയാളത്തിലെ പല ഹിറ്റു ചിത്രങ്ങളുടേയും നിര്‍മ്മാതാവും വിതരണക്കാരനുമായിരുന്നു. വൈശാലി, സുകൃതം, ധനം,വാസ്തുഹാര, കൗരവര്‍, ചകോരം, ഇന്നലെ, വെങ്കലം എന്നീ ചലച്ചിത്രങ്ങള്‍ അദ്ദേഹം നിര്‍മ്മിച്ചു. അറബിക്കഥ, മലബാര്‍ വെഡ്ഡിംഗ്, ടു ഹരിഹര്‍ നഗര്‍,സുഭദ്രം, ആനന്ദഭൈരവി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഹോളിഡേയ്സ് എന്ന ചിത്രം സം‌വിധാനം ചെയ്തു. ചന്ദ്രകാന്ത ഫിലിംസ് എന്ന പേരിലുള്ള ഒരു സിനിമാനിര്‍മ്മാണ കമ്ബനിയും രാമചന്ദ്രന്റേതായുണ്ട്.

2015ല്‍ സാമ്ബത്തിക ​ഇടപാടുമായി ബന്ധപ്പെട്ട കേസിനെ തുടര്‍ന്ന്​ ജയിലിലായ അദ്ദേഹം 2018ലാണ്​ പുറത്തിറങ്ങിയത്​. കേന്ദ്ര സര്‍ക്കാരിന്റെയും മറ്റ് പ്രവാസി സംഘടനകളുടേയും ഇടപെടലോടെയാണ് അദ്ദേഹം ജയില്‍മോചിതനായത്. കേസ്​ അവസാനിക്കാത്തതിനാല്‍ യുഎഇ വിട്ട്​ പോകാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. വര്‍ഷങ്ങളായി കുടുംബത്തോടൊപ്പം ദുബായിലായിരുന്നു താമസം.

80 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഞായറാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്

NO COMMENTS