തിരുവനന്തപുരം • സംസ്ഥാനത്തെ എല്ലാ എടിഎമ്മുകളിലും പണം നിറച്ചു തുടങ്ങി. ഇന്നലെ ഏറ്റവും കൂടുതല്‍ ദൗര്‍ലഭ്യം നേരിട്ട എസ്ബിടി എടിഎമ്മുകളില്‍ 34 ലക്ഷം രൂപ വീതമാണു ഇന്നു നിറയ്ക്കുക. ഇതിനായി ഇന്നു ജോലിക്കെത്താന്‍ പണം നിറയ്ക്കല്‍ നടപടികളുടെ ചുമതലയുള്ള ഒാഫിസര്‍മാര്‍ക്കു ബാങ്ക് നിര്‍ദേശം നല്‍കി.
തങ്ങളുടെ ഒരു എടിഎമ്മും കാലിയായിട്ടില്ലെന്നാണ് എസ്ബിഐയുടെ വിശദീകരണം. ഇന്നലെ ഒരു ദിവസം മാത്രം സംസ്ഥാനത്തെ എസ്ബിഐ എടിഎമ്മുകളില്‍നിന്ന് 60 കോടി രൂപ പിന്‍വലിച്ചു. ഇന്നലെയും ഇന്നുമായി പകരം പണം നിറയ്ക്കുന്നുണ്ട്. പണം തീരുന്ന എടിഎമ്മുകള്‍ കേന്ദ്ര സെര്‍വര്‍ നിരീക്ഷിച്ച് അപ്പപ്പോള്‍ നിറയ്ക്കുന്നുണ്ടെന്ന് എസ്ബിഐ അറിയിച്ചു.മറ്റു ബാങ്കുകളും പണം നിറയ്ക്കല്‍ ആരംഭിച്ചിട്ടുണ്ട്. നീണ്ട അവധി കാരണം എടിഎമ്മുകള്‍ കാലിയായതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തിയിരുന്നു.