തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഹൈടെക് എടിഎം തട്ടിപ്പ്. രണ്ടു പേരുടെ അക്കൗണ്ടില്‍ നിന്ന് ഒരു ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തിരിക്കുന്നത്. പ്രവാസി മലയാളി അരവിന്ദന്‍, ചെമ്ബഴന്തി സ്വദേശി വിനീത് എന്നിവരുടെ അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടപ്പെട്ടത്.അരവിന്ദന്റെ ആക്സിസ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് 52,000 പൂപയാണ് നഷ്ടപ്പെട്ടത്. പല എടിഎമ്മുകളില്‍ നിന്നായി പണം പിന്‍വലിക്കുകയായിരുന്നു. ചെമ്ബഴന്തി സ്വദേശി വിനീതിന്റെ പണം തട്ടിയെടുത്തത് നെറ്റ് ബാങ്കിംഗിലൂടെയാണ്. സ്വകാര്യ ആശുപത്രി ജീവനക്കാരനായ വിനീതിന് 49,156 രൂപ നഷ്ടപ്പെട്ടു.കഴിഞ്ഞ 12ന് സ്വകാര്യ ഡിടിഎച്ച് സര്‍വ്വീസ് റീ ചാര്‍ജ് ചെയ്യാന്‍ വിനീത് 2,500 രൂപയുടെ ഓണ്‍ലൈന്‍ ഇടപാട് നടത്തിയിരുന്നു.ഇതിനായി അക്കൗണ്ട് നമ്ബരും മറ്റും കൈമാറിയിരുന്നു. വിനീതിന്റെ അക്കൗണ്ടില്‍ നിന്ന് ഇന്നലെ ഉച്ചയോടെയാണ് പതിനൊന്ന് ഇടപാടുകളിലായി 49,156 രൂപ നഷ്ടപ്പെട്ടത്.
കാനറാ ബാങ്ക് കോസ്മോ ശാഖയിലെ അക്കൗണ്ട് ഉടമയായ വിനീത് മൊബൈല്‍ സന്ദേശം വഴി പണം പിന്‍വലിച്ചതായ വിവരം ലഭിച്ചതോടെ ബാങ്കിലെത്തി പരാതി നല്‍കുകയായിരുന്നു. പരാതി മെഡിക്കല്‍ കോളേജ് പൊലീസിന് കൈമാറിയിട്ടുണ്ട്.ഏതാനും ദിവസം മുമ്ബ് കോളേജ് അദ്ധ്യാപികയായ യുവതിയുടെ അക്കൗണ്ടില്‍ നിന്ന് 62,000 രൂപ തട്ടിയെടുത്തിരുന്നു. ചെന്നൈയില്‍നിന്നാണ് പണം തട്ടിയത്. പോലീസ് ഈ സംഭവം അന്വേഷിക്കുന്നതിന് വീണ്ടും തട്ടിപ്പ് നടന്നത്. സൈബര്‍ പൊലീസ് സഹായത്തോടെ തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.