32.5 ലക്ഷം എടിഎം കാര്‍ഡുകള്‍ സുരക്ഷിതമല്ലെന്ന കണ്ടെത്തല്‍ ; കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി

251

ന്യൂഡല്‍ഹി• രാജ്യത്തെ 32.5 ലക്ഷം എടിഎം, ഡെബിറ്റ് കാര്‍ഡുകള്‍ സുരക്ഷിതമല്ലെന്ന നാഷനല്‍ പെയ്മെന്റ് കോര്‍പറേഷന്റെ കണ്ടെത്തല്‍ സംബന്ധിച്ചു കേന്ദ്രസര്‍ക്കാര്‍ റിസര്‍വ് ബാങ്കിനോടും കാര്‍ഡ് വിതരണം ചെയ്ത ബാങ്കുകളോടും റിപ്പോര്‍ട്ട് ചോദിച്ചു. പ്രശ്നത്തിന്റെ ഗൗരവം വിലയിരുത്തുന്നതിനാണു റിപ്പോര്‍ട്ട് തേടിയതെന്നും ശക്തമായ തുടര്‍നടപടികളുണ്ടാകുമെന്നും ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പറഞ്ഞു. ഇടപാടുകാര്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ എടുക്കുന്നുണ്ടെന്നും ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസും വ്യക്തമാക്കി. അതേസമയം, തങ്ങളുടെ നെറ്റ്വര്‍ക്കില്‍നിന്നു വിവരങ്ങളൊന്നും നഷ്ടമായിട്ടില്ലെന്നു രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങളായ വീസയും മാസ്റ്റര്‍ കാര്‍ഡും പ്രത്യേകം പ്രസ്താവനകളില്‍ അറിയിച്ചു.

എന്നാല്‍ ഇവരുടെ കാര്‍ഡുകളുടേതടക്കം പണം കൈമാറ്റങ്ങള്‍ നടത്തുന്ന ഏജന്‍സിയായ ഹിറ്റാച്ചി പെയ്മെന്റ് സര്‍വീസ് ഇടപാടുകളിലെ വീഴ്ച അന്വേഷിക്കുന്നുണ്ട്. മഹാരാഷ്ട്രാ സൈബര്‍ ക്രൈം സെല്ലും ബാങ്കുകളില്‍നിന്നു വിവരങ്ങള്‍ തേടിയിട്ടുണ്ട്.
സുരക്ഷിതമല്ലാത്തതായി കണ്ടെത്തിയിട്ടുള്ള കാര്‍ഡുകളില്‍ 26 ലക്ഷവും വീസയും മാസ്റ്റര്‍ കാര്‍ഡുമാണ്. ഇന്ത്യന്‍ ധനകാര്യ സ്ഥാപനമായ റൂപേയുടെ ആറുലക്ഷം കാര്‍ഡുകളെയും ബാധിച്ചു. 19 ബാങ്കുകളുടെ 641 ഇടപാടുകളില്‍നിന്നായി ആകെ 1.3 കോടി രൂപയുടെ തട്ടിപ്പു നടന്നതായാണ് ഔദ്യോഗിക വിശദീകരണം. ഇന്ത്യന്‍ അക്കൗണ്ടുകളിലെ തുക പ്രധാനമായും ചൈനയില്‍നിന്നും യുഎസില്‍നിന്നുമാണു പിന്‍വലിക്കപ്പെട്ടത്. സുരക്ഷിതമല്ലാത്ത കാര്‍ഡുകളിലേറെയും ബാങ്കുകള്‍ തിരിച്ചുവിളിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY