മുംബൈ: എടിഎം തട്ടിപ്പ് സംഘത്തില്‍ ഇനിയും ആളുകളുണ്ടെന്ന അനുമാനത്തിലാണ് പൊലീസ്. ഇവര്‍ക്ക് മുംബൈയില്‍ സഹായികളുണ്ടോയെന്നും പരിശോധിച്ചുവരികയാണ്.
റൊമേനിയയില്‍ സമ്പന്ന കുടുംബത്തിലുള്ള ആളാണ് മരിയന്‍ ഗബ്രിയേല്‍. മാതാപിതാക്കളുടെ ബിസിനസില്‍ ഇയാള്‍ സഹായിക്കാറുണ്ട്. പക്ഷെ മടിയനും അലസനുമാണ് ഗബ്രിയേലെന്നും ചോദ്യം ചെയ്യലില്‍ മനസിലായതായി പൊലീസ് പറയുന്നു. എടിഎം തട്ടിപ്പ് വളരെ എളുപ്പമാണെന്നാണ് ഇയാള്‍ അന്വേഷണസംഘത്തോട് പറഞ്ഞത്. റൊമേനിയയിലുള്ള ഇയാളുടെ കുടുംബത്തെ പൊലീസ് അറസ്റ്റ് വിവരം അറിയിച്ചിട്ടുണ്ട്. അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങള്‍ക്ക് മരിയന്‍ ഗബ്രിയേല്‍ കൃത്യമായി മറുപടി നല്‍കുന്നില്ല. നിയമസഹായം വേണമെന്നും നാട്ടിലേക്ക് അയക്കണമെന്നുമാണ് ഇയാള്‍ പൊലീസിനോട് തുടര്‍ച്ചയായി ആവശ്യപ്പെടുന്നത്. കൂട്ടുപ്രതികള്‍ രാജ്യം വിട്ടു എന്നാണ് ഗബ്രിയേലിന്റെ മൊഴി. അതേസമയം ഗബ്രിയേലിന്റെ അറസ്റ്റിന് ശേഷവും മുംബൈയില്‍നിന്നും വ്യാജ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിച്ചിട്ടുണ്ട്. ഒന്നുകില്‍ ഗബ്രിയേല്‍ കള്ളം പറയുന്നു. അല്ലെങ്കില്‍ സംഘത്തില്‍ നാലാളെ കൂടാതെ പിന്നേയും തട്ടിപ്പുകാരുണ്ടാകും. ഈ സാധ്യത മുന്നില്‍കണ്ട് കേരളപൊലീസിലെ ഒരു സംഘം ഇപ്പോഴും മുംബൈയില്‍ തങ്ങി അന്വേഷണം തുടരുകയാണ്. മുംബൈയില്‍ എടിഎം തട്ടിപ്പുകാര്‍ക്ക് പ്രാദേശികമായി എന്റെങ്കിലും സഹായങ്ങള്‍ കിട്ടിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. വിദേശികള്‍ ഉള്‍പെട്ട എടിഎം തട്ടിപ്പുകേസുകള്‍ ഇതിനുമുന്നും മുംബൈയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. അന്ന് അറസ്റ്റിലായ പ്രതികള്‍ക്ക് ഇപ്പോഴത്തെ തട്ടിപ്പുസംഘവുമായി ബന്ധമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.