തലശേരി: ധര്‍മടത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിനു നേരെ വീണ്ടും അക്രമം. കോണ്‍ഗ്രസ് ധര്‍മടം ബ്ലോക്ക് ജനറല്‍ സെക്രട്ടറി പാലയാട് സൗരാഗില്‍ പി.ടി.സനല്‍ കുമാറിന്റെ വീടിനു നേരെയാണ് പുലര്‍ച്ചെ രണ്ടരയോടെ വീണ്ടും അക്രമം നടന്നത്.
ഇത്തവണ വീടിന്റെ പിന്‍ഭാഗത്തെ ജനല്‍ തകര്‍ത്ത അക്രമി കിണര്‍ മലിനമാക്കുകയും ചെയ്തു. വീടിന്റെ പിന്‍ഭാഗത്തു കൂടി എത്തിയ അക്രമി മൊബൈല്‍ വെളിച്ചത്തില്‍ ജനല്‍ തകര്‍ക്കുന്നതിന്റേയും കിണര്‍ മലിനമാക്കുന്നതിന്റെയും ചിത്രം സി സിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നരയോടെ സനല്‍കുമാറിന്റെ വീടിനു നേരെ അക്രമം നടന്നിരുന്നു.
മൂന്ന് ജനലുകളാണ് അന്ന് തകര്‍ക്കപ്പെട്ടത്.സംഭവത്തില്‍ ധര്‍മടം പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് വീണ്ടും അക്രമം നടന്നിട്ടുളളത്. കഴിഞ്ഞ ദിവസം വീടാക്രമിച്ചവര്‍ തന്നെയാണ് പുലര്‍ച്ചെ നടന്ന അക്രമത്തിന് പിന്നിലെന്നും പോലീസ് സംശയിക്കുന്നു. ആദ്യത്തെ അക്രമം നടന്ന ദിവസം അക്രമി എത്തിയതെന്ന് സംശയിക്കുന്ന ബൈക്ക് പോലീസ് കണ്ടെടുക്കുകയും ചെയ്തിരുന്നു.സംഭവത്തില്‍ രാഷ്ട്രീയമില്ലെന്ന് വ്യക്തമാക്കിയ പോലീസ് അക്രമികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി.